സാഹിത്യ, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് ശ്രീ എം.ടി. വാസുദേവൻ നായർക്ക് (മരണാനന്തരം) രാഷ്ട്രപതി പത്മവിഭൂഷൺ നൽകി ആദരിച്ചു

വൈദ്യശാസ്ത്ര, കായിക മേഖലകളിലെ സംഭാവനകൾക്ക് യഥാക്രമം ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ശ്രീ ശ്രീജേഷ് പി.ആർ എന്നിവർക്ക് രാഷ്ട്രപതി പത്മഭൂഷൺ നൽകി ആദരിച്ചു കലാ മേഖലയിലെ സംഭാവനകൾക്ക് ഡോ. കെ. ഓമനക്കുട്ടി അമ്മയ്ക്ക് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു

Apr 28, 2025
സാഹിത്യ, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് ശ്രീ എം.ടി. വാസുദേവൻ നായർക്ക് (മരണാനന്തരം) രാഷ്ട്രപതി പത്മവിഭൂഷൺ നൽകി ആദരിച്ചു
padma awards
Sir / Madam
 
 
Please see the press release & photos.
 
 
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
ഇന്ത്യാ ഗവണ്‍മെന്റ്
തിരുവനന്തപുരം
***

സാഹിത്യ, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് ശ്രീ എം.ടി. വാസുദേവൻ നായർക്ക് (മരണാനന്തരം) രാഷ്ട്രപതി പത്മവിഭൂഷൺ നൽകി ആദരിച്ചു


വൈദ്യശാസ്ത്ര, കായിക മേഖലകളിലെ സംഭാവനകൾക്ക് യഥാക്രമം ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ശ്രീ ശ്രീജേഷ് പി.ആർ എന്നിവർക്ക് രാഷ്ട്രപതി പത്മഭൂഷൺ നൽകി ആദരിച്ചു

കലാ മേഖലയിലെ സംഭാവനകൾക്ക്
ഡോ. കെ. ഓമനക്കുട്ടി അമ്മയ്ക്ക് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു

സാഹിത്യ, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക്  ശ്രീ എം.ടി. വാസുദേവൻ നായർക്ക് (മരണാനന്തരം) ഇന്ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു രാഷ്ട്രത്തിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു. വൈദ്യശാസ്ത്ര, കായിക മേഖലകളിലെ സംഭാവനകൾക്ക് യഥാക്രമം ഡോ. ജോസ് ചാക്കോ പെരിയപ്പുറം,  ശ്രീ ശ്രീജേഷ് പി.ആർ എന്നിവർക്ക് രാഷ്ട്രപതി പത്മഭൂഷൺ നൽകി ആദരിച്ചു. കലാ മേഖലയിലെ സംഭാവനകൾക്ക് ഡോ. കെ. ഓമനക്കുട്ടി അമ്മയെ പത്മശ്രീ നൽകി ആദരിച്ചു.

പുരസ്‌ക്കാര ജേതാക്കളുടെ ജീവിതത്തെയും കർമ്മമണ്ഡലത്തെയും സംബന്ധിച്ച സംക്ഷിപ്ത വിവരണം ചുവടെ ചേർക്കുന്നു:

ശ്രീ എം. ടി. വാസുദേവൻ നായർ (മരണാനന്തരം)

നിരവധി തലമുറകളിലെ വായനക്കാരെ ആഴത്തിൽ സ്വാധീനിച്ച സാംസ്ക്കാരിക വ്യക്തിത്വമായിരുന്നു, സ്നേഹപൂർവ്വം എം. ടി. എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ എം. ടി. വാസുദേവൻ നായർ. ഇന്നും അത് മാറ്റമില്ലാതെ തുടരുകയാണ്. സാഹിത്യകാരൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ, വാഗ്മി എന്നീ നിലകളിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.

1933 ജൂലൈ 15 ന് പാലക്കാട് ജില്ലയിലെ കൂടല്ലൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ വായനയിലും എഴുത്തിലും അഭിനിവേശം പ്രകടിപ്പിച്ചിരുന്നു. പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിൽ നിന്ന് ബിരുദം നേടി. 1954 ൽ മലയാളത്തിലെ മികച്ച ചെറുകഥയ്ക്കുള്ള ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയതിലൂടെ സാഹിത്യ ലോകത്തേയ്ക്കുള്ള തന്റെ വരവ് അറിയിച്ചു. ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ ആണ് മത്സരം സംഘടിപ്പിച്ചത്. ബിരുദാനന്തരം, പാലക്കാട് എം ബി ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കി. 1957 ൽ പ്രശസ്തമായ മലയാള പ്രസിദ്ധീകരണമായ 'മാതൃഭൂമി'യിൽ സബ് എഡിറ്ററായി ജോലിക്ക് ചേർന്നു.

 1958 ൽ ശ്രീ എം. ടി. വാസുദേവൻ നായർ തന്റെ ആദ്യ നോവലായ "നാലുകെട്ട്" പ്രസിദ്ധീകരിച്ചു. "നാലുകെട്ട്" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. 1965 ൽ തന്റെ തന്നെ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി ആദ്യ തിരക്കഥയായ "മുറപ്പെണ്ണ്" രചിച്ചു. 1968 ൽ മാതൃഭൂമി വാരികയുടെ എഡിറ്ററായി നിയമിതനായി. മൂന്ന് പതിറ്റാണ്ട് നീണ്ട സേവനകാലയളവിൽ, മലയാളത്തിലെ പുതുതലമുറ  എഴുത്തുകാരെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. "നിർമ്മാല്യം" (1973) ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം. മലയാള സിനിമയിലെ ഒരു ക്ലാസിക് ആയി ആ ചലച്ചിത്രം കണക്കാക്കപ്പെടുന്നു. "നിർമ്മാല്യം"1973 ൽ മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡലും ജക്കാർത്ത ഏഷ്യൻ ചലച്ചിത്ര മേളയിൽ ഗരുഡ അവാർഡും ഉൾപ്പെടെ ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടി.

200 ലധികം ചെറുകഥകൾ, 8 നോവലുകൾ, ഒട്ടേറെ ഉപന്യാസ സമാഹാരങ്ങൾ, യാത്രാവിവരണങ്ങൾ, ഒരു നാടകം എന്നിവ ശ്രീ എം. ടി. വാസുദേവൻ നായരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തിരക്കഥയ്ക്ക് വ്യക്തമായ ഒരു ഘടനയും രൂപവും വികസിപ്പിച്ചതിന്റെ ബഹുമതി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. 55 ചലച്ചിത്രങ്ങൾക്കും ഒട്ടേറെ ഹ്രസ്വചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. 7 സിനിമകൾ സംവിധാനം ചെയ്തു. അവയിൽ മിക്കതും സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടി. വിവിധ മേഖലകളിൽ അഗ്രഗാമിയായിരുന്നു അദ്ദേഹം. ഒരു സാഹിത്യ ശാഖയെന്ന നിലയിൽ തിരക്കഥകൾ ആദ്യമായി പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്. പിന്നീട് തിരക്കഥാകൃത്തുക്കൾക്കുള്ള അനൗദ്യോഗിക മാർഗദർശന ഗ്രന്ഥമായി ഇത് മാറി. മാതൃഭൂമി സാഹിത്യ മാസികയുടെ എഡിറ്റർ എന്ന നിലയിൽ, മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്നും ഇംഗ്ലീഷിൽ നിന്നുമുള്ള നിരവധി പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ അദ്ദേഹം സൗകര്യമൊരുക്കി.അതുവഴി മലയാളി വായനക്കാർക്ക് ലോക സാഹിത്യം പരിചയപ്പെടുത്തി. ഭാഷയും സംസ്ക്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ ക്രാന്തദർശിയായ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1992-ൽ തുഞ്ചൻ സ്മാരകത്തിന്റെ ചുമതല ഏറ്റെടുത്ത അദ്ദേഹം, ആധുനിക മലയാള ഭാഷയുടെ പിതാവായി കണക്കാക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന് അനുയോജ്യമായ ഒരു സ്മാരകം നിർമ്മിക്കാൻ  സ്വജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ സമർപ്പിച്ചു. ഇന്ന്അത് ഭാഷയ്ക്കും ഭാഷാപിതാവിനും സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ആദരണീയമായ സ്മാരകമായി മാറിയിരിക്കുന്നു.

 ശ്രീ എം. ടി. വാസുദേവൻ നായർക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ എണ്ണമറ്റ പുരസ്‌കാരങ്ങളും പദവികളും അദ്ദേഹത്തെ തേടിയെത്തി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം (1970), ജ്ഞാനപീഠം (1995) സാഹിത്യ അക്കാദമി ഫെലോഷിപ്പ് (2013) എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം ഏറ്റവും കൂടുതൽ തവണ നേടിയത്തിന്റെ റെക്കോർഡ് അദ്ദേഹത്തിനവകാശപ്പെട്ടതാണ്.  നാല് തവണ അദ്ദേഹം ഈ പുരസ്ക്കാരം ഏറ്റുവാങ്ങി - (1989, 1991, 1993, 1994). കൂടാതെ 17 സംസ്ഥാന പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. വയലാർ അവാർഡ് (1984), കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് (2005), എഴുത്തച്ഛൻ പുരസ്കാരം (2011), ജെ സി ഡാനിയേൽ പുരസ്ക്കാരം (2013), കേരള ജ്യോതി പുരസ്കാരം (2022) എന്നിവ അദ്ദേഹത്തിന് ലഭിച്ച പ്രധാന അംഗീകാരങ്ങളിൽ ചിലതാണ്.

2024 ഡിസംബർ 25-ന്  ശ്രീ എം. ടി. വാസുദേവൻ നായർ അന്തരിച്ചു.


ഡോ. ജോസ് ചാക്കോ പെരിയപ്പുറം

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നൂതനമായ ഹൃദയ ശസ്ത്രക്രിയാ ചികിത്സയ്ക്കും ഹൃദയം  മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടക്കമിട്ട പ്രശസ്തനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം.

1958 ഏപ്രിൽ 28 ന് ജനിച്ച ഡോ. പെരിയപ്പുറം കേരള സർവ്വകലാശാലയുടെ കീഴിലുള്ള പാലായിലെ സെന്റ് തോമസ് കോളേജിൽ നിന്ന് 1978 ൽ ഒന്നാം റാങ്കോടെ സസ്യശാസ്ത്രത്തിൽ ബിരുദം നേടി. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായി. FRCS പഠിക്കാൻ അയർലണ്ടിലേക്ക് പോയ അദ്ദേഹം ഡബ്ലിനിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ ചേർന്നു. പരിശീലന കാലയളവിൽ, അയർലണ്ടിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ നടത്തിയ സംഘത്തിൽ അംഗമായിരുന്നു. കാർഡിഫിലെ വെയിൽസ് സർവകലാശാലയിൽ നിന്ന് കാർഡിയാക് സർജറിയിൽ വിദഗ്ദ്ധ പരിശീലനം നേടി. കേംബ്രിഡ്ജ്ഷെയറിലെ പ്രശസ്തമായ പാപ്‌വർത്ത് ആശുപത്രി, ന്യൂകാസിലിലെ ഫ്രീമാൻ ആശുപത്രി എന്നിവിടങ്ങളിൽ ഹൃദയം മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയിൽ പരിശീലനം നേടി. 1997-ൽ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് ഇന്ത്യയിലെ ഹൃദയ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ട അദ്ദേഹം 2008-ൽ ലിസി ആശുപത്രിയിലേക്ക് മാറി. അവിടെ ഇപ്പോഴും  ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവിയെന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമാണ്.  

ഡോ. പെരിയപ്പുറം 2003-ൽ കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഇതുവരെ 20,000-ത്തിലധികം ഓപ്പൺ ഹാർട്ട് സർജറികൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.   ഇന്ത്യയിൽ ബീറ്റിംഗ് ഹാർട്ട് സർജറി, അവേക്ക് ബൈപാസ് സർജറി, ടോട്ടൽ ആർട്ടീരിയൽ റിവാസ്കുലറൈസേഷൻ എന്നിവയിൽ അഗ്രഗാമിയാണ് അദ്ദേഹം. കേരളത്തിലെ ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും അദ്ദേഹം നേതൃത്വം നൽകി. ഇതുവരെ 30 തൊറാസിക് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. കേരളത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ത്യയിലെ ആദ്യത്തെ ഹൃദയ പുനർ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ഹൃദയം മാറ്റിവയ്ക്കലിനുള്ള പാലമായി അല്ലെങ്കിൽ ഹൃദയം സുഖം പ്രാപിക്കുന്നതുവരെ പിന്തുണയ്ക്കുന്ന ബൈ-വെൻട്രിക്കുലാർ അസിസ്റ്റ് എന്ന ഉപകരണവും അദ്ദേഹം വിജയകരമായി പരീക്ഷിച്ചു.12 വർഷം മുമ്പ് ഏഷ്യയിൽ ആദ്യമായി തകയാസു (ധമനികളിലെ സങ്കോചം)   രോഗിയിൽ അദ്ദേഹം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. സ്വീകർത്താവ് ഇപ്പോഴും ആരോഗ്യവാനായിരിക്കുന്നു.

പാവപ്പെട്ട രോഗികൾക്ക് നൂതന ഹൃദ്രോഗ  ചികിത്സകൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാനാണ് ഡോ. പെരിയപ്പുറം. അടിയന്തര ജീവൻ രക്ഷാ നടപടിക്രമമാമായ CPR പരിശീലനം, ഹൃദ്രോഗ അവബോധ പരിപാടികൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ പൊതുജനങ്ങൾക്കായി ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പ്ലാൻറ് ഗെയിംസ് 2023 ൽ കൊച്ചിയിൽ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഹാർട്ട് ഫെയിലർ ആൻഡ് ട്രാൻസ്പ്ലാൻറ് സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയാണ് അദ്ദേഹം.

ഒരു ജൈവ കർഷകൻ കൂടിയാണ് ഡോ. പെരിയപ്പുറം.തന്റെ  ഗ്രാമത്തിൽ അദ്ദേഹം നാടൻ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നു. ഫലവൃക്ഷങ്ങൾ, ചക്ക, നാരങ്ങ, ചേന എന്നിവ അദ്ദേഹം തന്റെസ്വന്തം ഭൂമിയിൽ ജൈവരീതിയിൽ കൃഷി ചെയ്യുന്നു. അതിലൂടെ മണ്ണിനെ സ്നേഹിക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കർഷകരെ പ്രേരിപ്പിക്കുന്നു.

ഡോ. പെരിയപ്പുറം ഒട്ടേറെ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. റോട്ടറി, ലയൺസ് ക്ലബ്ബുകളുടെ തൊഴിൽ, സാമൂഹിക മേഖലകളിലെ മികവിനുള്ള പുരസ്ക്കാരങ്ങൾക്ക് പുറമേ, 2003 ൽ മദർ തെരേസ പുരസ്ക്കാരവും 2005 ൽ ഇന്ദിരാഗാന്ധി പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2011 ൽ രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ശ്രീ ശ്രീജേഷ് പി ആർ

ശ്രീ ശ്രീജേഷ് പി ആർ ഇന്ത്യൻ ഹോക്കി ടീം മുൻ ഗോൾകീപ്പറും ജൂനിയർ ഇന്ത്യൻ ഹോക്കി ടീമിന്റെ നിലവിലെ പരിശീലകനുമാണ്. ഇരട്ട ഒളിമ്പിക് വെങ്കല മെഡലുകൾ സ്വന്തമാക്കിയ താരമാണു ശ്രീജേഷ്. മാത്രമല്ല, 22 വർഷത്തെ കായികജീവിതത്തിൽ മൂന്നുതവണ ‘എഫ്ഐഎച്ച് ഗോൾകീപ്പർ ഓഫ് ദി ഇയർ’ പുരസ്കാരം നേടിയ ലോകത്തിലെ ഏക ഹോക്കി ഗോൾകീപ്പറുമാണ് അദ്ദേഹം. ഇന്ത്യയിൽ ആധുനിക ഹോക്കിയുടെ പുനരുജ്ജീവനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തികളിൽ ഒരാൾകൂടിയായ അദ്ദേഹം, ‘വന്മതിൽ’ എന്നും അറിയപ്പെടുന്നു.

1988 മെയ് 8നു കേരളത്തിലെ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമത്തിൽ കർഷകകുടുംബത്തിൽ ജനിച്ച ശ്രീ ശ്രീജേഷ് 12-ാം വയസിൽ തിരുവനന്തപുരത്തെ ജി വി രാജ സ്പോർട്സ് സ്കൂളിൽ ചേർന്നപ്പോഴാണു ഹോക്കി കളിക്കാൻ തുടങ്ങിയത്. നെഹ്‌റു കപ്പിലാണ് അദ്ദേഹം ആദ്യമായി ദേശീയതലത്തിൽ കളിച്ചത്. 2004ൽ ദേശീയ ജൂനിയർ ടീമിനുവേണ്ടിയും 2006ൽ കൊളംബോയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ കൗമാരപ്രായത്തിൽ സീനിയർ ടീമിനുവേണ്ടിയും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. 2008ൽ ജൂനിയർ ഏഷ്യാകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ‘ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ’ എന്ന ബഹുമതിയും അദ്ദേഹത്തിനു ലഭിച്ചു. അതിനുശേഷം, നാല് ഒളിമ്പിക് ഗെയിമുകൾ (2012, 2016, 2020, 2024), നാലു ലോകകപ്പുകൾ (2010, 2014, 2018, 2023), മൂന്നു കോമൺ‌വെൽത്ത് ഗെയിംസ് (2014, 2018, 2022), മൂന്ന് ഏഷ്യൻ ഗെയിംസ് (2014, 2018, 2022) എന്നിങ്ങനെ മിക്കവാറും എല്ലാ പ്രധാന ടൂർണമെന്റുകളിലും അദ്ദേഹം പങ്കെടുത്തു.

ഇന്ത്യൻ ടീമിനൊപ്പം നിരവധി അവിസ്മരണീയ നിമിഷങ്ങളുടെ ഭാഗമാകാനും ശ്രീ ശ്രീജേഷിനു കഴിഞ്ഞു. ജക്കാർത്ത-പാലെംബാങ്ങിലെ വെങ്കല മെഡൽ, 2018ൽ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സംയുക്ത വിജയികൾ, 2019ൽ ഭുവനേശ്വറിൽ നടന്ന എഫ്‌ഐഎച്ച് പുരുഷ സീരീസ് ഫൈനലിൽ സ്വർണ മെഡൽ, 2022ൽ ബർമിങ്ഹാം കോമൺ‌വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ എന്നിവ നേടിയ വേളകൾ അവയിൽ ചിലതാണ്.

മൂന്ന് ഒളിമ്പിക് ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ്, ലോകകപ്പ് എന്നിവയിലെ പരിചയസമ്പത്തോടെ ശ്രീ ശ്രീജേഷ് 2024ൽ തന്റെ നാലാമത്തെ ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്തു. 36കാരനായ ഈ ഗോൾകീപ്പർ, 2016ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ ക്വാർട്ടർ ഫൈനലിലേക്കു നയിച്ചു. 2020ലെ ടോക്കിയോ ഒളിമ്പിക് ഗെയിംസിലും 2024ലെ പാരിസ് ഗെയിംസിലും ഇന്ത്യയുടെ ചരിത്രപരമായ ഇരട്ട വെങ്കല മെഡൽ നേട്ടങ്ങളുടെ പ്രധാന ശിൽപ്പികളിൽ ഒരാളായിരുന്നു അദ്ദേഹം.

നിരവധി അംഗീകാരങ്ങളും ശ്രീ ശ്രീജേഷിനെ തേടിയെത്തി. 2015ൽ അർജുന പുരസ്കാരം; 2017ൽ പത്മശ്രീ; 2021ൽ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന; 2021, 2022, 2024 വർഷങ്ങളിൽ എഫ്‌ഐ‌എച്ച് ഗോൾകീപ്പർ ഓഫ് ദി ഇയർ പുരസ്കാരം എന്നിവ അദ്ദേഹത്തിനു ലഭിച്ചു. 2024ൽ വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരവും ശ്രീ ശ്രീജേഷ് സ്വന്തമാക്കി.

ഡോ. കെ. ഓമനക്കുട്ടി അമ്മ

ഡോ. കെ. ഓമനക്കുട്ടി അമ്മ ഏകദേശം 70 വർഷത്തെ അനുഭവപരിചയമുള്ള വിശ്രുത സംഗീതവിദഗ്ധയും അർപ്പണബോധമുള്ള അധ്യാപികയും കർണാടക സംഗീതത്തിന്റെ ഉപാസകയുമാണ്.

മൂന്നു തലമുറകളുടെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ 1943 മെയ് 24നാണ് ഡോ. ഓമനക്കുട്ടി ജനിച്ചത്. തുടക്കത്തിൽ അച്ഛനും അമ്മയുമാണ് സംഗീതപരിശീലനം നൽകിയത്. ഇരുവരും പ്രഗത്ഭ സംഗീതജ്ഞരായിരുന്നു. പിന്നീട്, ഇതിഹാസ ഗുരുക്കളായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ജി എൻ ബാലസുബ്രഹ്മണ്യം എന്നിവരുടെ കീഴിൽ വിപുലമായ പരിശീലനം നേടി. കേരള സർവകലാശാലയിലും കാലിക്കറ്റ് സർവകലാശാലയിലും സംഗീതം പഠിപ്പിച്ച് 36 വർഷം അക്കാദമികസേവനത്തിനായി അവർ സമർപ്പിച്ചു. പത്മഭൂഷൺ പുരസ്കാരജേതാവായ കെ എസ് ചിത്ര ഉൾപ്പെടെയുള്ള അവരുടെ നിരവധി വിദ്യാർഥികൾ പ്രശസ്ത സംഗീതജ്ഞരായി. ദീർഘകാലം നീണ്ട സംഗീതയാത്രയിൽ ലോകമെമ്പാടും നിരവധി കർണാടക സംഗീതജ്ഞരെ അവർ വളർത്തിയെടുത്തു. കേരള സർവകലാശാലയിൽ സംഗീതവിഭാഗം സ്ഥാപിച്ചതും ഡോ. ഓമനക്കുട്ടിയുടെ പ്രധാന സംഭാവനകളിൽ ഒന്നാണ്.

ആകാശവാണിയിൽ എ-ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റായ ആദ്യ വനിതയാണു ഡോ. ഓമനക്കുട്ടി. കഥകളിസംഗീതത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയ അവർ കേരളത്തിന്റെ സംഗീതപാരമ്പര്യം സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധത പുലർത്തുന്ന വ്യക്തിയാണ്. സ്വാതി തിരുനാൾ മഹാരാജാവ്, ഇരയിമ്മൻ തമ്പി, കെ.സി. കേശവപിള്ള, കവി കുട്ടമത്ത് തുടങ്ങിയ സംഗീതജ്ഞരുടെ മലയാള-കർണാടക ഗാനങ്ങൾ ഉൾക്കൊള്ളുന്ന കച്ചേരിപരമ്പരയായ ‘ഗാനകൈരളി’ ഡോ. ഓമനക്കുട്ടിയുടെ പ്രധാന സംരംഭങ്ങളി‌ൽ ഒന്നാണ്. ഈ പരമ്പരയുടെ 50-ാം പതിപ്പ് 2025 ജനുവരി 23-നാണു നടന്നത്.

ഡോ. ഓമനക്കുട്ടി കർണാടക സംഗീത വിദ്യാർഥികളുടെ ശരിയായ വഴികാട്ടിയാണ്. ഗുരുക്കളിൽനിന്നു പാരമ്പര്യമായി ലഭിച്ച അറിവ് അവർ ശിഷ്യരുമായി പങ്കിടുകയും അതുവഴി ലോകമെമ്പാടുമുള്ള ശിഷ്യപാരമ്പര്യത്തിന്റെ വ്യാപ്തി ഉറപ്പാക്കുകയും ചെയ്യുന്നു. അവരുടെ സംഭാവനകൾ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ യഥാർഥ പ്രതീകമാക്കി അവരെ മാറ്റുകയും ചെയ്തു. റിട്ടയർമെന്റ് ഹോമുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിർന്ന പൗരന്മാരെയും സഹായിക്കാൻ മ്യൂസിക് തെറാപ്പിയും അവർ സജീവമായി ഉപയോഗിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ഫെല്ലോഷിപ്പും, കേരള ഗവണ്മെന്റിന്റെ സ്വാതി പുരസ്കാരം, മദ്രാസ് മ്യൂസിക് അക്കാദമിയുടെ ആചാര്യ പുരസ്കാരം, ഗുരുവായൂരപ്പൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഡോ. ഓമനക്കുട്ടിക്കു ലഭിച്ചിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.