ലോറിയുടെ സ്ഥാനം റഡാര്‍ കണ്ടെത്തി, ഷിരൂരിലെ രക്ഷാദൗത്യത്തില്‍ വഴിത്തിരിവ്
എ ത്ര താഴ്ചയിലാണ് ലോറിയെന്നോ പുറത്തേക്ക് എടുക്കണമെങ്കിൽ എത്ര സമയം വേണ്ടി വരുമെന്നോയുള്ള കാര്യത്തിൽ വിവരം ലഭ്യമല്ല.

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുൻ അകപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ലോറിയുടെ ലൊക്കേഷൻ റഡാറിൽ കണ്ടെത്തി. ഏത്ര താഴ്ചയിലാണ് ലോറിയെന്നോ പുറത്തേക്ക് എടുക്കണമെങ്കിൽ എത്ര സമയം വേണ്ടി വരുമെന്നോയുള്ള കാര്യത്തിൽ വിവരം ലഭ്യമല്ല.പല ഭാഗങ്ങളിൽ നിന്നും മണ്ണ് മാറ്റിയതിന് ശേഷമേ ലോറി പുറത്തേക്കെടുക്കാനാകൂ എന്നാണ് അധികൃതർ പറയുന്നത്. അർജുനെ കൂടാതെ, മറ്റ് രണ്ട് പേരും കണ്ടെത്താനുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലോറിയുടെ മുകളിലായുള്ള മണ്ണ് നീക്കാൻ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി എഴുപതോളം പേര്‍ സ്ഥലത്തുണ്ട്.ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയപാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്റെ ഫോൺ മൂന്നുദിവസത്തിനുശേഷം വെള്ളിയാഴ്ച എട്ടുമണിയോടെ റിങ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകി.മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞതോടെ നിർത്തിവെച്ചു. വൈകീട്ട് വീണ്ടും മണ്ണുമാറ്റാൻ ശ്രമം തുടങ്ങി. നേവി സംഘമെത്തി തൊട്ടടുത്ത ഗംഗാവാലി നദിയിൽ മെറ്റൽ ഡിറ്റക്ടറും തെർമൽ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായിരുന്നില്ല.