വോട്ടർപട്ടിക പരിഷ്കരണത്തിന് ഇനി ആധാർ ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന 11 രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായിട്ടാണ് ആധാർ കാർഡ് പരിഗണിക്കുന്നത്

ന്യൂഡൽഹി : വോട്ടർപട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും ഇനി ആധാർ കാർഡ് ഒരു രേഖയായി ഉപയോഗിക്കാം. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും വോട്ടർമാരുടെ വിവരങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പുവരുത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രധാന ലക്ഷ്യം. വോട്ടർപട്ടികയുടെ കൃത്യത വർദ്ധിപ്പിക്കാനും പുതിയ വോട്ടർമാരെ എളുപ്പത്തിൽ ഉൾപ്പെടുത്താനും ഈ തീരുമാനം സഹായിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന 11 രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായിട്ടാണ് ആധാർ കാർഡ് പരിഗണിക്കുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ് അത് പൗരത്വത്തിൻ്റെ തെളിവായി കണക്കാക്കില്ല. അതുകൊണ്ട് പൗരത്വത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് രേഖകൾ ഹാജരാക്കേണ്ടിവരും.