ഷാജി എൻ കരുൺ അന്തരിച്ചു
1998ൽ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാൻ

തിരുവനന്തപുരം: പ്രശസ്‌ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിൽ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഏറെക്കാലമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.
1988ൽ സംവിധാനം ചെയ്ത 'പിറവി'യാണ് ഷാജി എൻ കരുണിന്റെ ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ലോകസിനിമയിലെ തന്നെ അപൂർവം സംവിധായകരിലൊരാളാണ് അദ്ദേഹം.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു 'പിറവി'. ഒരു ഇന്ത്യൻ സിനിമയും ഇത്രയേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിരഞ്ഞെടുക്കപ്പെടുകയോ പുരസ്‌കാരങ്ങൾ നേടുകയോ ചെയ്തിട്ടില്ല. വിഖ്യാതമായ ചാർളി ചാപ്ലിൻ അവാർഡും ലൊക്കാർണോയിലെ സിൽവർ ലെപ്പേഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും പിറവിക്കു ലഭിച്ചു. കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി ഓർ പ്രത്യേക പരാമർശവും നേടി. മികച്ച ചിത്രത്തിനും, സംവിധായകനും, നടനും, ശബ്ദലേഖനത്തിനുമടക്കം നാല് ദേശീയ ചലച്ചിത്ര അവാർഡുകളും പിറവിക്കു ലഭിച്ചു.
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്' പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2010ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു.
1998ൽ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു. അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയിൽ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും. അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകളോടുള്ള ആദരവായി സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചത് ഏപ്രിൽ 16നായിരുന്നു. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ. 40ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ് ഷാജി എൻ കരുൺ.
1952 പുതുവത്സരദിനത്തിൽ പെരിനാടിനു സമീപം കണ്ടച്ചിറയിൽ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായി ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ഷാജി എൻ കരുൺ ജനിച്ചു. 1963ൽ കുടുംബം തിരുവനന്തപുരത്ത് താമസമാക്കി. പുതുവത്സരദിനത്തിൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി എൻ കരുൺ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും 1974ൽ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. രാഹുൽ ദാസ് ഗുപ്ത സംവിധാനം ചെയ്ത ജെനസിസ് (1974) എന്ന അദ്ദേഹത്തിന്റെ ഡിപ്ലോമ ചിത്രത്തിന് തന്നെ നിരവധി അവാർഡുകൾ ലഭിച്ചു.
1975ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിച്ചു. 1976ൽ കെ.എസ്.എഫ്.ഡി.സിയിൽ ഫിലിം ഓഫീസർ ആയി ചുമതലയേറ്റു. പിന്നീട് അതിന്റെ സാരഥ്യത്തിലെത്തി. ഡോ. പി. കെ. ആർ. വാരിയരുടെ മകൾ അനസൂയ വാര്യരെ 1975 ജനുവരി ഒന്നിന് ഷാജി വിവാഹം കഴിച്ചു. മക്കൾ അനിൽ (ഐസർ, തിരുവനന്തപുരം ) അപ്പു.(ജർമ്മനി). മരുമക്കൾ: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസർ ), ശീതൾ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമ്മനി)