എല്ലാത്തിനും മുകളിൽ പാർട്ടി :ക്ഷമ ചോദിച്ച് പി.വി. അൻവർ
പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമുണ്ട്
മലപ്പുറം: എഡിജിപി എം.ആര്. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി. ശശിക്കുമെതിരായ ആരോപണങ്ങളിൽ ഉള്പ്പെടെ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പി.വി. അൻവര് എംഎല്എ.
ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി നൽകിയ നിർദ്ദേശം ശിരസ്സാൽ വഹിക്കാൻ താൻ ബാധ്യസ്ഥനാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
പോലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്.അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ല.
വിഷയങ്ങൾ സംബന്ധിച്ച് സർക്കാരിന് നൽകിയ പരാതിയിന്മേൽ സർക്കാർ പല അടിയന്തര നടപടികളും സ്വീകരിച്ചതിൽ നിന്ന് തന്നെ വിഷയത്തിന്റെ ആഴം വ്യക്തമാണ്.എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് അന്നും ഇന്നും വിയോജിപ്പുണ്ട്.അത് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ നാട്ടിലെ സഖാക്കളെയും,പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്.ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്.
അത് പ്രിയപ്പെട്ട പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമുണ്ട്. മറ്റ് വഴികൾ എനിക്ക് മുൻപിൽ ഉണ്ടായിരുന്നില്ല.അക്കാര്യത്തിൽ നിങ്ങൾ ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.