ദിവ്യയെ കൈവിട്ട് സിപിഎം; കണ്ണൂർ ജില്ലാ പഞ്ചായത്തിന് പുതിയ പ്രസിഡന്റ്
‘‘കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്.
കണ്ണൂർ :എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ നടപടിയെടുത്ത് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു ദിവ്യയെ നീക്കി. കെ.കെ.രത്‌നകുമാരിയെ പകരം പ്രസിഡന്റായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ.രത്‌നകുമാരിയെ പരിഗണിക്കാൻ തീരുമാനിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
പാർട്ടി തീരുമാനം അംഗീകരിച്ചും നവീൻബാബുവിന്റെ വേർപാടിൽ അനുശോചിച്ചും ദിവ്യ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. ‘‘കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഞാൻ പങ്കുചേരുന്നു. പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ്യവിമർശനമാണു നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരിവയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിൽനിന്നു മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.’’– ദിവ്യ പറഞ്ഞു.