മാനസികാരോഗ്യം ഉറപ്പാക്കാൻ മൊബൈൽ മെന്റൽ ഹെൽത്ത് യൂണിറ്റും: മന്ത്രി വീണാ ജോർജ്

Mobile mental health unit to ensure mental health: Minister Veena George

Aug 6, 2024
മാനസികാരോഗ്യം ഉറപ്പാക്കാൻ മൊബൈൽ മെന്റൽ ഹെൽത്ത് യൂണിറ്റും: മന്ത്രി വീണാ ജോർജ്
VEENA GEORGE

*സൂപ്പർ സ്പെഷ്യാലിറ്റി ടെലി കൺസൾട്ടേഷൻ സേവനം ലഭ്യമാക്കും

വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മാനസികാരോഗ്യം ഉറപ്പാക്കാനായി മൊബൈൽ മെന്റൽ ഹെൽത്ത് യൂണിറ്റ് സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മാനസികാരോഗ്യ പിന്തുണയ്ക്കായി ഗ്രൂപ്പ് കൗൺസലിങ്ങും വ്യക്തിഗത കൗൺസലിങ്ങും നൽകുന്നുണ്ട്. മാനസികാരോഗ്യം ഉറപ്പാക്കാനായി മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ വയനാട്ടിലെത്തി പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിക്കുന്നതാണ്. ദുരന്തമുഖത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ക്യാമ്പിലുള്ളവരുടെ മാനസിക പിന്തുണയ്ക്കായി രാത്രിയിൽ കൂടി കൗൺസലർമാരുടെ സേവനം നൽകാൻ മന്ത്രി നിർദേശം നൽകി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദഗ്ധ ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ടെലികൺസൾട്ടേഷൻ സേവനവും ലഭ്യമാക്കും. ക്യാമ്പുകളിലുള്ളവർക്കും ദുരന്ത സ്ഥലത്ത് വീടുകളിൽ താമസിക്കുന്നവർക്കും ഈ സേവനം ലഭ്യമാക്കും. ഇതിനായി ക്യാമ്പുകളിൽ പ്രത്യേക സൗകര്യമൊരുക്കും. കാഴ്ചയ്ക്ക് പ്രശ്നമുള്ളവർക്ക് പരിശോധന നടത്തി ചികിത്സ ഉറപ്പാക്കി കണ്ണടകൾ വിതരണം ചെയ്തു വരുന്നു. ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി 4 ജെപിഎച്ച്എൻമാരെ ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയോഗിക്കുന്നതാണ്. വയനാട്ടിലുള്ള വിരമിച്ച ജീവനക്കാരെക്കൂടി ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് നിയോഗിക്കും. ആരോഗ്യ വകുപ്പിന്റെ അംഗീകാരമില്ലാതെ ആരുംതന്നെ ക്യാമ്പുകളിൽ കയറി കൗൺസലിങ് നൽകരുതെന്ന് മന്ത്രി കർശന നിർദേശം നൽകി.

88 സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. 225 മൃതദേഹങ്ങളും 189 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുൾപ്പെടെ 412 പോസ്റ്റുമോർട്ടങ്ങൾ നടത്തി.

ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.