പ്രധാനമന്ത്രി മെയ് 26നും 27നും ഗുജറാത്ത് സന്ദർശിക്കും

പ്രധാനമന്ത്രി ദാഹോദിൽ ഏകദേശം 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും
പ്രധാനമന്ത്രി ഭുജിൽ 53,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും
ഗുജറാത്ത് നഗരവളർച്ചാഗാഥയുടെ 20-ാം വാർഷികാഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും
ന്യൂഡൽഹി : 2025 മെയ് 25
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് 26നും 27നും ഗുജറാത്ത് സന്ദർശിക്കും. ദാഹോദിൽ രാവിലെ 11.15ന് ലോക്കോമോട്ടീവ് നിർമ്മാണ പ്ലാന്റ് രാഷ്ട്രത്തിന് സമർപ്പിക്കുന്ന അദ്ദേഹം, ഇലക്ട്രിക് ലോക്കോമോട്ടീവ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ദാഹോദിൽ ഏകദേശം 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. അദ്ദേഹം പൊതുചടങ്ങിനെയും അഭിസംബോധന ചെയ്യും.
ഭുജിലേക്ക് പോകുന്ന പ്രധാനമന്ത്രി, വൈകിട്ട് 4നു 53,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. പൊതുചടങ്ങിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.
ഗാന്ധിനഗറിലേക്ക് യാത്ര തിരിക്കുന്ന പ്രധാനമന്ത്രി, മെയ് 27ന് രാവിലെ 11ന് ഗുജറാത്ത് നഗരവളർച്ചാഗാഥയുടെ 20-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുകയും 2025ലെ നഗരവികസന വർഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. പൊതുചടങ്ങിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.
സമ്പർക്കസൗകര്യം വർദ്ധിപ്പിക്കുന്നതിനും ലോകോത്തര യാത്രാ അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണു പ്രധാനമന്ത്രി ദാഹോദിൽ ഇന്ത്യൻ റെയിൽവേയുടെ ലോക്കോമോട്ടീവ് നിർമാണനിലയം ഉദ്ഘാടനം ചെയ്യുന്നത്. ഈ നിലയം ആഭ്യന്തര ആവശ്യങ്ങൾക്കും കയറ്റുമതിക്കുമായി 9000 എച്ച്പിയുടെ ഇലക്ട്രിക് ലോക്കോമോട്ടീവുകൾ നിർമിക്കും. ഈ നിലയത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ ഇലക്ട്രിക് ലോക്കോമോട്ടീവും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ റെയിൽവേയുടെ ചരക്കുവാഹകശേഷി വർദ്ധിപ്പിക്കുന്നതിന് ലോക്കോമോട്ടീവുകൾ സഹായിക്കും. ഈ ലോക്കോമോട്ടീവുകളിൽ പുനരുൽപ്പാദന ബ്രേക്കിങ് സംവിധാനങ്ങൾ സജ്ജമാക്കും. ഊർജ ഉപഭോഗം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇവ പരിസ്ഥിതി സുസ്ഥിരതയ്ക്കും സഹായിക്കും.
തുടർന്ന്, ദാഹോദിൽ 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. റെയിൽ പദ്ധതികളും ഗുജറാത്ത് ഗവണ്മെന്റിന്റെ വിവിധ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. വെരാവലിനും അഹമ്മദാബാദിനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്, വൽസാഡിനും ദാഹോദിനും ഇടയിലുള്ള എക്സ്പ്രസ് ട്രെയിൻ എന്നിവ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ഗേജ് മാറ്റം വരുത്തിയ കടോസൻ-കലോൽ ഭാഗത്തിന്റെ ഉദ്ഘാടനവും അതിലൂടെയുള്ള ചരക്ക് ട്രെയിനിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും.
ഭുജിൽ 53,400 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഖാവ്ഡ പുനരുപയോഗ ഊർജ പാർക്കിൽ ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ പ്രസരണത്തിനുള്ള പദ്ധതികൾ, പ്രസരണൃശംഖല വിപുലീകരണം, താപിയിലെ അൾട്രാ സൂപ്പർ ക്രിട്ടിക്കൽ താപോർജ നിലയം തുടങ്ങിയവ വൈദ്യുതിമേഖലയിൽ നിന്നുള്ള പദ്ധതികളിൽ ഉൾപ്പെടുന്നു. കണ്ഡ്ല തുറമുഖ പദ്ധതികളും ഗുജറാത്ത് ഗവണ്മെന്റിന്റെ വിവിധ റോഡ്-ജല-സൗരോർജ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
ആസൂത്രിതമായ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ഭരണം, നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവയിലൂടെ ഗുജറാത്തിന്റെ നഗരസംവിധാനം പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അന്നു മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോദി ആരംഭിച്ച സുപ്രധാന സംരംഭമായിരുന്നു ഗുജറാത്തിലെ നഗരവികസന വർഷം 2005. ഇതിന്റെ 20-ാം വർഷം ആഘോഷിക്കുന്നതിനായി, ഗാന്ധിനഗറിൽ നഗരവികസന വർഷം 2025, ഗുജറാത്തിന്റെ നഗരവികസന പദ്ധതി, സംസ്ഥാന ശുദ്ധവായു പദ്ധതി എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നഗരവികസനം, ആരോഗ്യം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പിഎംഎവൈ പ്രകാരം 22,000 ത്തിലധികം വീടുകളും അദ്ദേഹം സമർപ്പിക്കും. സ്വർണ്ണിം ജയന്തി മുഖ്യമന്ത്രി നഗര വികസന പദ്ധതിക്കു കീഴിൽ ഗുജറാത്തിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3300 കോടി രൂപയുടെ ധനസഹായവും അദ്ദേഹം വിതരണം ചെയ്യും.