ഓസ്കര് 2025: വിജയികളെ ഉടനറിയാം; എമീലിയ പെരസ് മുന്നിൽ
മികച്ച നടനുള്ള പുരസ്കാരത്തിനായി മുന്നിലുള്ളത് ഏഡ്രിയൻ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ (എ കംപ്ലീറ്റ് അൻനോൺ) എന്നിവരാണ്

ലൊസാഞ്ചലസ്: ഓസ്കര് അവാർഡ് പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചു. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തീയറ്ററിലാണ് പുരസ്കാര വിതരണം. കോനന്‍ ഒബ്രയാന് ആണ് ഇത്തവണ ഓസ്കാറിന്റെ മുഖ്യ അവതാരകന്.
മികച്ച സഹനടനുള്ള അവാര്‍ഡ് കീറൻ കുൽക്കിന്‍ നേടി. ദ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.
മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിക്കുന്ന 10 എണ്ണത്തിൽ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കൽ എമീലിയ പെരസിനു 13 നാമനിർദേശമാണു ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിർദേശം ഇതാദ്യമാണ്.
ട്രാൻസ്ജെൻഡർ അധോലോക നേതാവിന്റെ കഥ സംഗീതസാന്ദ്രമായി ആവിഷ്കരിച്ച സിനിമയിലെ മുഖ്യവേഷം ചെയ്ത കാർല സോഫിയ ഗാസ്കോൺ ട്രാൻസ് വ്യക്തിയാണ്. ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകൾക്കു 10 നാമനിർദേശം വീതം ലഭിച്ചു.
ഡയക്ടറേഴ്സ് ഗിൽഡ്, പ്രൊഡക്ഷൻ ഗിൽഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയതോടെ അനോറ സാധ്യതാപ്പട്ടികയിൽ മുന്നിലെത്തിയിട്ടുണ്ട്. കോൺക്ലേവ്, എ കംപ്ലീറ്റ് അൺനോൺ എന്നിവയും നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
മികച്ച നടിക്കുള്ള നാമനിർദേശങ്ങളിൽ ദ് സബ്സ്റ്റൻസിലെ നായികയായ ഡെമി മൂറും ബാഫ്ത അടക്കം പുരസ്കാരങ്ങൾ ലഭിച്ച അനോറയിലെ മൈക്കി മാഡിസനും മുന്നിലുണ്ട്.
മികച്ച നടനുള്ള പുരസ്കാരത്തിനായി മുന്നിലുള്ളത് ഏഡ്രിയൻ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ (എ കംപ്ലീറ്റ് അൻനോൺ) എന്നിവരാണ്. മികച്ച ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സിനിമയായ അനുജയ്ക്കു നാമനിർദേശം ലഭിച്ചിട്ടുണ്ട്.