കേരളത്തിന്റെ ക്രമസമാധാനം ഭയാനക നിലയിൽ: കെ. സുരേന്ദ്രൻ
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ബഹു.പി.സി ജോർജിന്റെ വസതിയിൽ

ഈരാറ്റുപേട്ട: കേരളത്തിന്റെ ക്രമസമാധാനനില ഇത്ര ഭയാനകമായ അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബിജെപി നേതാവും മുൻ എംഎൽ എയുമായ പി.സി. ജോർജിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശസിനിമകളെ വെല്ലുന്ന അക്രമങ്ങളാണ് കേരളത്തിലെ സ്കൂളുകളിൽ നടക്കുന്നതെന്നും അക്രമപ്രവർത്തനങ്ങൾക്ക് വിദഗ്ധ പരിശീലനം കിട്ടുന്നുണ്ടോയെന്ന് സംശയിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രൈമറി സ്കൂളിൽ പോലും രാസലഹരിയും മയക്കുമരുന്നുകളും ലഭിക്കുന്നുണ്ട്, ഇതിനെല്ലാം നേതൃത്വം നൽകുന്നത് മതഭീകരവാദികളാണ്. രാസലഹരി വസ്തുക്കൾ എവിടെനിന്നു വരുന്നുവെന്ന് സർക്കാർ അന്വേഷിക്കുന്നില്ല.
മയക്കുമരുന്നും അധോലോക സംഘടനകളും കേരളം അടക്കി വാഴുന്നു. കേരളത്തിലെ ക്രമസമാധാനനില പൂർണമായും തകരാറിലായി, ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. നാലു മയക്കുമരുന്ന് കേസ് പിടിച്ചാൽ രണ്ടെണ്ണത്തിൽ മത ഭീകരവാദികളും ബാക്കി രണ്ടിൽ ഡിവൈഎഫ്ഐക്കാരുമാണ് പ്രതികൾ. മയക്കുമരുന്നിനെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ എല്ലാ പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ട്.
മാർച്ച് എട്ട് വനിതാ ദിനത്തിൽ സ്ത്രീകളെ അണിനിരത്തി മയക്കു മരുന്നിനെതിരേയുള്ള പ്രചാരണത്തിനും ബോധവത്കരണത്തിനും ബിജെപി യുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുമെന്നും കെ. സുദേന്ദ്രൻ പറഞ്ഞു.
ഇന്നലെ രണ്ടിന് വസതിയിലെത്തിയ കെ. സുരേന്ദ്രനെ പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവർ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബിജെപി വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, അഖിൽ രവീന്ദ്രൻ, മിനർവ മോഹൻ, മണ്ഡലം പ്രസിഡന്റ് ജോ ജിയോ തോമസ്, അഡ്വ. പി. രാജേഷ് കുമാർ തുടങ്ങിയവരും കെ. സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.