അബദ്ധമൊന്നും തരൂർ പറഞ്ഞിട്ടില്ല; കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും: കെ. സുധാകരൻ

തിരുവനന്തപുരം: ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തരൂർ നിലപാട് മാറ്റി പറയാനും തിരുത്താനും തയാറായത് സ്വാഗതംചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.
ശശി തരൂരിന്റെ വലിയ മനസിന് നന്ദി. വലിയ അബദ്ധമൊന്നും തരൂർ പറഞ്ഞിട്ടില്ല. പറഞ്ഞതിന് വ്യക്തതത വരുത്തിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ മാറ്റം വരുത്തി കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ രംഗത്തെത്തിയിരുന്നു. സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്ന് തരൂർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കേരളസർക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം. എന്നാൽ റിപ്പോർട്ടുകൾ യാഥാർഥ്യമല്ല. കേരളത്തിൽ നിരവധി ചെറുകിട, ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന മാധ്യമ റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് തരൂർ നിലപാട് മയപ്പെടുത്തിയത്.
നേരത്തെ ശശി തരൂർ കേരള സർക്കാരിനെ പുകഴ്ത്തി രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് തരൂരിന്റെ മലക്കംമറിയൽ.