ക്ഷീരകർഷകർക്ക് ഓണ സമ്മാനമായി ഓണ മധുരം പദ്ധതി
കേരളത്തിലെ ക്ഷീരകർഷകർക്ക് താങ്ങാകുന്ന നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു
തിരുവനന്തപുരം : കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് 300 രൂപ ധനസഹായം നൽകുന്ന ഓണമധുരം 2024 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീര വികസന -മൃഗ സംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. പഴയകട എം.ഡബ്ല്യൂ.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്നു.കേരളത്തിലെ ക്ഷീരകർഷകർക്ക് താങ്ങാകുന്ന നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ക്ഷീര കർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണെന്നും പാലിന്റെ ഗുണമേന്മയുടെ കാര്യത്തിലും കേരളം മുന്നിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ആശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിനും കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് വഹിക്കുന്ന പങ്ക് അഭിനന്ദനമർഹിക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.2023 ആഗസ്റ്റ് മുതൽ 2024 ജൂലൈ വരെ ക്ഷീരസംഘങ്ങളിൽ പാലളന്ന എല്ലാ ക്ഷീരകർഷകർക്കും ക്ഷേമനിധി അംഗങ്ങൾക്കുമാണ് ഓണമധുരം പദ്ധതിയിലൂടെ ധനസഹായം നൽകിയത്.ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ വിവാഹ ധനസഹായം സി.കെ ഹരീന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. ചടങ്ങിൽ മുതിർന്ന ക്ഷീരകർഷകരെ ആദരിച്ചു. തിരുവനന്തപുരം ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാൽ ഗുണമേന്മ ബോധവത്കരണ പരിപാടിയും ക്ഷീര കർഷകർക്കായി സംഘടിപ്പിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, മിൽമ ചെയർമാൻ കെ.എസ് മണി എന്നിവരും സന്നിഹിതരായിരുന്നു.