വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസൻസ് ഉള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകുന്നുള്ളെന്ന് തൊഴിൽ അന്വേഷകർ ഉറപ്പുവരുത്തണം.
തിരുവനന്തപുരം: വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.സന്ദർശക വീസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. സന്ദർശക വീസയിൽ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്താൽ അതു തെറ്റാണ്.രു രാജ്യവും സന്ദർശക വീസയിൽ ജോലി അനുവദിക്കില്ല. ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാൽ അതു നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുകയും പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വരാം. ഇന്ത്യയിലേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്.ഇന്ത്യയിൽനിന്നും സന്ദർശക വീസയിൽ ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങൾ വിശ്വസിച്ചു മലേഷ്യ, കംബോഡിയ, തായ്ലൻഡ്, മ്യാൻമാർ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ നിരവധി പേർ തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്.ഈ സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസൻസ് ഉള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകുന്നുള്ളെന്ന് തൊഴിൽ അന്വേഷകർ ഉറപ്പുവരുത്തണം.