സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്
വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്‌കാരം

ഒസ്ലോ : ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്', എന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്‌കാരമെന്നും നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം, യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കോറീന മചാഡോയ്ക്കും മറ്റൊരു വെനസ്വേലന്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയയ്ക്കും സമ്മാനിച്ചിരുന്നു.