വൈദ്യുതി ആനുകൂല്യത്തിന് പ്രത്യേക സർട്ടിഫിക്കറ്റ് തേടി അലയേണ്ട; റേഷൻ കാർഡ് മതി,കെ.എസ്.ഇ.ബി ഉത്തരവിറക്കി
നടപടികളിലെ സങ്കീർണത കാരണം ഉപഭോക്താക്കൾ വേണ്ടെന്നുവെച്ചിരുന്ന ആനുകൂല്യമാണ് ഇതോടെ ലഭ്യമാകുന്നത്

പാലക്കാട്: വൈദ്യുതി ആനുകൂല്യത്തിന് ദാരിദ്ര്യരേഖക്കു താഴെയുള്ള ഭിന്നശേഷിക്കാർ, അർബുദരോഗികൾ എന്നിവർ പ്രത്യേക സർട്ടിഫിക്കറ്റിനായി ഇനി വില്ലേജ് ഓഫിസ് കയറി അലയേണ്ട. ആനുകൂല്യത്തിന് എ.എ.വൈ (അന്ത്യോദയ-അന്നയോജന), പി.എച്ച്.എച്ച് (പ്രിയോറിറ്റി ഹൗസ്ഹോൾഡ്) റേഷൻ കാർഡുകളിൽ ഏതെങ്കിലുമൊന്ന് മതിയെന്ന് കാണിച്ച് കെ.എസ്.ഇ.ബി ഉത്തരവിറക്കി.നടപടികളിലെ സങ്കീർണത കാരണം ഉപഭോക്താക്കൾ വേണ്ടെന്നുവെച്ചിരുന്ന ആനുകൂല്യമാണ് ഇതോടെ ലഭ്യമാകുന്നത്. കാലങ്ങളായി നടത്തുന്ന പ്രതിഷേധങ്ങളെ തുടർന്നാണ് നടപടികൾ ലഘൂകരിച്ചത്. 40 ശതമാനമോ കൂടുതലോ അംഗവൈകല്യമുള്ള ബി.പി.എല്ലുകാരായ ഉപഭോക്താവിന്റെ കുടുംബത്തിനും അർബുദരോഗികൾക്കുമാണ് ആനുകൂല്യം ലഭ്യമാകുക.
ബി.പി.എൽ വിഭാഗത്തിൽപെടുന്നതും 2000 വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളിൽ അർബുദരോഗികൾക്കും ഭിന്നശേഷിക്കാർക്കും പ്രതിമാസം 100 യൂനിറ്റ് വരെ 150 രൂപ നിരക്കിലാണ് വൈദ്യുതി ചാർജ് ഈടാക്കിവരുന്നത്. അതായത്, ഇവരുടെ ദ്വൈമാസ ബില്ലിൽ ആദ്യ 200 യൂനിറ്റ് വരെ യൂനിറ്റിന് 1.50 രൂപ മാത്രമേ കെ.എസ്.ഇ.ബി ഈടാക്കുന്നുള്ളൂ. അർബുദ-ഭിന്നശേഷി ഗണത്തിൽപെടുന്ന 1637 ഉപഭോക്താക്കളാണ് നിലവിൽ ഈ വിഭാഗത്തിൽപെടുന്നതെന്ന് കെ.എസ്.ഇ.ബി രേഖകൾ വ്യക്തമാക്കുന്നു.
ബി.പി.എൽ ആണെന്ന് തെളിയിക്കാൻ വില്ലേജ് ഓഫിസിൽനിന്നുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന നിബന്ധന. 2009നുശേഷമുള്ള ബി.പി.എൽ ലിസ്റ്റ് ലഭ്യമല്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് പ്രത്യേക സർട്ടിഫിക്കറ്റ് പുതുതായി ലിസ്റ്റിൽ കയറിയ ബി.പി.എല്ലുകാർക്ക് നൽകിയിരുന്നില്ല. ഒരുമാസം 5000 രൂപയിൽ താഴെ വരുമാനത്തിൽ ഒരു കുടുംബം എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് വില്ലേജ് ഓഫിസിലെത്തുന്നവരെയും മടക്കിയയച്ചിരുന്നു. ബി.പി.എൽ ആണെന്ന് തെളിയിക്കാനുള്ള രേഖയായി വാട്ടർ അതോറിറ്റി അടക്കം സർക്കാർ സ്ഥാപനങ്ങൾ മുൻഗണന റേഷൻ കാർഡ് ഉപയോഗിക്കുമ്പോൾ ആണ് ബി.പി.എൽ ആണെന്ന് തെളിയിക്കാൻ പ്രത്യേക സർട്ടിഫിക്കറ്റ് വേണമെന്ന് കെ.എസ്.ഇ.ബി നിഷ്കർഷിച്ചിരുന്നത്. ഇതിനെതിരെ ഉപഭോക്താക്കൾ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടിക്രമങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചതെന്ന് ഇതുസംബന്ധിച്ച് ഇറങ്ങിയ ഉത്തരവിൽ പറയുന്നു.