ശനിയാഴ്ച ക്ലാസ് വേണ്ട:ഹൈക്കോടതി
No class on Saturday: High Court
കൊച്ചി: സ്‌കൂളുകളിൽ 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. നയപരമായ കാര്യമായതിനാൽ ഇത്തരം ഉത്തരവിറക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും ഈ മേഖലയിൽ ഉള്ളവരുടെയും അഭിപ്രായം തേടാതെയും വിദ്യാർത്ഥികളുടെ മാനസികാരോഗ്യം പരിഗണിക്കാതെയുമുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ നിർദ്ദേശിച്ചു. 25 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കി അദ്ധ്യയന ദിനങ്ങൾ 220 ആക്കി വർദ്ധിപ്പിച്ചതിനെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ), കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു) തുടങ്ങിയ സംഘടനകളാണ് ഹർജി നൽകിയത്.
വിദ്യാഭ്യാസരംഗത്ത് നയപരമായ തീരുമാനമെടുക്കുമ്പോൾ കേരള വിദ്യാഭ്യാസ ചട്ടത്തിലെയും (കെ.ഇ.ആർ) കേന്ദ്രനിയമത്തിലെയും വ്യവസ്ഥകൾ പരിശോധിക്കണമെന്ന് കോടതി വിലയിരുത്തി.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസിൽ 200 പ്രവൃത്തി ദിവസങ്ങളും ആറ് മുതൽ എട്ടു വരെ 220 പ്രവൃത്തി ദിവസങ്ങളുമാണുള്ളത്.. കെ.ഇ.ആറിൽ ഈ വ്യത്യാസമില്ലാതെ 220 പ്രവൃത്തിദിവസം എന്നാണ് പറയുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾക്ക് കുട്ടികൾ എങ്ങനെ സമയം കണ്ടെത്തും എന്നതടക്കം പരിഗണിക്കാതെ തിടുക്കത്തിലാണ് സർക്കാർ തീരുമാനം എടുത്തതെന്ന് കോടതി പറഞ്ഞു.