ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള പുതിയ മാർഗങ്ങൾ;പുതിയ നീക്കവുമായി കെഎസ്ഇബി
പ്രതിമാസം ബില്ലടച്ചാൽ ഉയർന്ന ബില്ലും ഉയർന്ന താരിഫും ഒഴിവാക്കാം

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള പുതിയ മാർഗങ്ങൾ കെഎസ്ഇബി പരിഗണിക്കുന്നു. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസംതോറും ബില്ല് ഈടാക്കുന്ന രീതി നടപ്പിലാക്കുന്ന കാര്യമാണ് ബോർഡ് പരിഗണിക്കുന്നത്.
കൂടാതെ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടയ്ക്കാനും സൗകര്യം ഉണ്ടാകും. ഇതോടൊപ്പം സ്പോട്ട് ബില്ലിനൊപ്പം ക്യൂആർ കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്റ് നടത്തുന്ന രീതിയും നടപ്പാക്കും.രണ്ട് മാസത്തെ ബില്ല് ഒന്നിച്ച് അടയ്ക്കുന്പോൾ ഉപഭോക്താക്കൾക്ക് വലിയ തുക കൊടുക്കേണ്ടി വരുന്നു. പ്രതിമാസം ബില്ലടച്ചാൽ ഉയർന്ന ബില്ലും ഉയർന്ന താരിഫും ഒഴിവാക്കാം. ഇപ്പോൾ 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. പ്രതിമാസം ബില്ലിംഗ് ഏർപ്പെടുത്തുന്പോൾ കെഎസ്ഇബിക്കും ചെലവ് ഏറും.നിലവിൽ ഒരു മീറ്റർ റീഡിംഗിന് ശരാശരി ഒമ്പത് രൂപയാണ് കെഎസ്ഇബി ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്പോള്‍ ഇതിന്റെ ഇരട്ടി ചെലവ് വരും. സ്പോട്ട് ബില്ലിംഗിനായി അധികം ജീവനക്കാരെയും നിയമിക്കേണ്ടി വരും.ഇതിനാലാണ് ഉപഭോക്താക്കളെ കൊണ്ട് തന്നെ മീറ്റർ റീഡിംഗിന് നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അതാത് സെക്ഷൻ ഓഫീസുകളിൽ വിവരം കൈമാറി ബിൽ അടയ്ക്കാം. ഇതിനായി കസ്റ്റമർ കെയർ നമ്പറോ വാട്സ് ആപ്പ് ഗ്രൂപ്പോ ഏർപ്പെടുത്താനാണ് ആലോചന.