1710 ഏക്കർ, 3,806 കോടി ചെലവ് ; പാലക്കാട്ട് സ്മാർട്ട് ആകും ....തൊഴിൽ 50000 ത്തിലേറെ ...
പാലക്കാട്ട് സ്മാർട്ട് ആകും
പാലക്കാട് : അര ലക്ഷത്തിലേറെപ്പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന വ്യവസായ സ്‌മാർട്ട് സിറ്റി പാലക്കാട് കഞ്ചിക്കോടിനടുത്തള്ള പുതുശ്ശേരിയിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 1710 ഏക്കറിലായി 3,806 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്മാർട്ട് സിറ്റിയിൽ 8,729 കോടി രൂപയുടെ നിക്ഷേപത്തിന് കളമൊരുങ്ങും. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും തുല്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.
സ്വകാര്യ വ്യവസായശാലകളാവും പ്രധാനമായും ഉയരുക. സർക്കാർ സ്ഥാപനങ്ങളും ഭാഗമാവും. ചുവപ്പുനാടകളിൽ കുടുങ്ങില്ല. ഉടനടി ഭൂമി അനുവദിക്കും. സ്ഥാപനങ്ങൾക്ക് അതിവേഗം പ്രവർത്തനാനുമതി നൽകും 2030ന് മുമ്പ് വ്യവസായശാലകൾ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.
നേരത്തേ പ്രഖ്യാപിച്ച ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ പ്രകാരം പുതുശ്ശേരി സെൻട്രലിലും കണ്ണമ്പ്രയിലുമായി ഭൂമി ഏറ്റെടുത്തിട്ടുണ്ട്.2019 ലെ ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതി (എൻ.ഐ.സി.ഡി.പി) പ്രകാരം ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാൻ തീരുമാനിച്ചിരുന്നു.
കേരളം അടക്കം 10 സംസ്ഥാനങ്ങളിലായി 28,602 കോടി ചെലവിൽ 12 വ്യവസായ സ്‌മാർട്ട് സിറ്റികൾക്കാണ് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നൽകിയത്. രാജ്യത്തെ ആറ് പ്രധാന വ്യവസായ ഇടനാഴികളെ ബന്ധിപ്പിച്ചാവും 12 വ്യവസായ നഗരങ്ങളെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. രാജ്യത്തിന്റെ ഉൽപ്പാദന, സാമ്പത്തിക ശേഷികൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 50% വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 1790 കോടി ചെലവിട്ട് 1710ഏക്കർ ഭൂമി സംസ്ഥാനം ഏറ്റെടുത്തിരുന്നു.'എന്ന് സംസ്ഥാന വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു .