വിസ്മയ കാഴ്ച്ചകളുമായിഇന്ത്യൻ നാവികസേന തലസ്ഥാന നഗരിയിൽ ഡിസംബർ 4-ന്
നാവികസേനാ ദിനാഘോഷങ്ങൾ തലസ്ഥാനത്ത്
 
                                    1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ ശത്രുവിന്റെ നാവിക-തീരദേശ പ്രതിരോധത്തിന് നിർണായക പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ നാവികസേനയുടെ പങ്കിനെ അനുസ്മരിക്കാൻ എല്ലാ വർഷവും ഡിസംബർ 4-ന് 'നാവികസേനാ ദിനം' ആചരിക്കുന്നു. ഓപ്പറേഷൻ ട്രൈഡന്റിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് ധീരമായ ആക്രമണം നടത്തി. ഈ നിർണായക നടപടി ഇന്ത്യയുടെ സമുദ്രശക്തി ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ നാവികസേന ശക്തി മാത്രമല്ല, കൃത്യതയും, ധൈര്യവും, തന്ത്രപരമായ വൈഭവവും പ്രകടിപ്പിച്ചു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നാവികസേനയുടെ ഈ നേട്ടത്തെയും സേവനത്തെയും ആദരിക്കുന്നതിനാണ് നാവികസേനാ ദിനം ആചരിക്കുന്നത്, കൂടാതെ രാജ്യത്തിന്റെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ പ്രതിബദ്ധതയും ഊന്നിപ്പറയുന്നു.
ഈ ചരിത്ര ദിനത്തിന്റെ സ്മരണയ്ക്കായി, 2025 ഡിസംബർ 04 ന് തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ നാവിക ദിനത്തിൽ മാസ്മരിക പ്രകടനത്തിലൂടെ ഇന്ത്യൻ നാവികസേന തങ്ങളുടെ പോരാട്ട വീര്യവും ശേഷിയും പ്രകടിപ്പിക്കും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കും. ചരിത്രത്തിൽ ആദ്യമായി യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സന്നാഹങ്ങളുമായാണ് നാവികസേന തലസ്ഥാനത്ത് എത്തുന്നത്.
പ്രധാന നാവിക സ്റ്റേഷനുകൾ ഒഴികെയുള്ള മറ്റൊരു സ്ഥലത്ത് പരിപാടി സംഘടിപ്പിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ശ്രമത്തിന്റെ തുടർച്ചയാണിത്. മുമ്പ്, ഒഡീഷയിലെ പുരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗിലും ഇത് നടന്നിരുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പരിപാടി നടത്തുന്നത് ദക്ഷിണ നാവിക കമാൻഡിന് അഭിമാനകരമായ നിമിഷമാണ്. ഇന്ത്യൻ നാവികസേനയുടെ മൾട്ടി ഡൊമെയ്ൻ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങൾ കാണാൻ പൗരന്മാർക്ക് ഈ മെഗാ ഇവന്റ് ഒരു സവിശേഷ അവസരം നൽകും. മഹാസാഗറിന്റെ (മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കുമായി പരസ്പരവും സമഗ്രവുമായ പുരോഗതി) വിശാലമായ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന 'ആത്മനിർഭർ ഭാരത്' എന്നതിനായുള്ള ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ ശ്രമങ്ങളും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 'മുൻഗണനയുള്ള സുരക്ഷാ പങ്കാളി' എന്ന ദൃഢനിശ്ചയവും ഓപ്പറേഷൻ ഡെമോൺസ്ട്രേഷൻ പ്രദർശിപ്പിക്കും.
ഇന്ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ നാവികസേനാ ദിനത്തിലെ പ്രകടനങ്ങളെക്കുറിച്ച് നേവൽ ഓഫീസർ ഇൻ-ചാർജ് (കേരളം) കമോഡോർ വർഗീസ് മാത്യു വിശദീകരിച്ചു. കൊച്ചി പി.ആർ.ഒ കമാൻഡർ അതുൽ പിള്ള, തിരുവനന്തപുരം പി.ആർ.ഒ ബിജു കെ. മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ ഭരണകൂടത്തിൻ്റെയും കേരള സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ പരിപാടിയുടെ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി കേരള സർക്കാറിനോട് എല്ലാ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.
2025 ലെ നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വികസിത സമൃദ്ധമായ ഇന്ത്യയുടെ സമുദ്രങ്ങളെ സംരക്ഷിക്കാൻ ഇന്ത്യൻ നാവികസേന ആത്മനിർഭർ എന്ന പ്രമേയവുമായി ദക്ഷിണ നാവിക കമാൻഡ് സമുദ്രമേഖലയിലുള്ള ഇന്ത്യയുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും കടലിൽ നിന്നും ഉയർന്നുവന്നേക്കാവുന്ന ഭീഷണികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുമുള്ള ദൗത്യത്തിനായി സ്വയം സമർപ്പിക്കുന്നു.
ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ നിന്നുള്ള നാവിക സംഘാംഗങ്ങൾ തിരുവനന്തപുരത്തെ തിരഞ്ഞെടുത്ത കോളേജുകളിലും സ്കൂളുകളിലും സമ്പർക്ക പരിപാടിയും വർക്ക്ഷോപ്പുകളും നടത്തും. രാജ്യത്തിന്റെ സമുദ്രശക്തിയെയും പൈതൃകത്തെയും കുറിച്ച് അവരെ മനസ്സിലാക്കുന്നതിനും സമുദ്രബോധം സൃഷ്ടിക്കുന്നതിനും യുവ വിദ്യാർത്ഥികളുമായി ഇടപഴകുക എന്നതാണ് ഈ സന്ദർശനത്തിൻ്റെ ലക്ഷ്യം.
നമ്മുടെ സൈനികരെ പ്രചോദിപ്പിക്കുന്നതിനായി ആയോധന സംഗീതത്തിൽ മാത്രമല്ല, രസകരവുമായ സംഗീത പ്രകടനങ്ങൾക്കും പ്രാവീണ്യമുള്ള നാവിക ബാൻഡിന് ഇന്ത്യൻ നാവികസേന പേരുകേട്ടതാണ്. നവംബർ 26 ന് തിരുവനന്തപുരത്ത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ദക്ഷിണ നാവിക കമാൻഡ് ബാൻഡ് അവതരിപ്പിക്കുന്ന പ്രകടനം ഉണ്ടായിരിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            