ദേശീയപാത 766: നാലുവരിപ്പാതയായി വികസിപ്പിക്കും പദ്ധതി രേഖ തയാറാകുന്നു.

കോഴിക്കോട്– കൊല്ലഗൽ ദേശീയപാത 766ൽ മലാപ്പറമ്പ് മുതൽ അടിവാരം വരെയും ലക്കിടി മുതൽ ബത്തേരിക്കടുത്ത് മൂലങ്കാവ് വരെയും നാലുവരിയാക്കുന്നതിനുള്ള പദ്ധതി രേഖ തയാറാക്കൽ വേഗത്തിലാക്കുന്നു

May 14, 2024
ദേശീയപാത 766: നാലുവരിപ്പാതയായി വികസിപ്പിക്കും പദ്ധതി രേഖ തയാറാകുന്നു.
കോഴിക്കോട്– കൊല്ലഗൽ ദേശീയപാത 766ൽ മലാപ്പറമ്പ് മുതൽ അടിവാരം വരെയും ലക്കിടി മുതൽ ബത്തേരിക്കടുത്ത് മൂലങ്കാവ് വരെയും നാലുവരിയാക്കുന്നതിനുള്ള പദ്ധതി രേഖ തയാറാക്കൽ വേഗത്തിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉന്നത തല അവലോകന യോഗം ചീഫ് എൻജിനീയറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നു.  സർവേ നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിലും... പുതുതായി നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെയും നിവർത്തേണ്ട വളവുകളുടെയും കണക്കുകൾ കൂടി എടുക്കാനാണ് നിർദേശം. പദ്ധതി രേഖ സർക്കാരിന് സമർപ്പിക്കുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കുകയും  സ്ഥലമേറ്റെടുക്കൽ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്യും.
 
മലാപ്പറമ്പ് മുതൽ വയനാട് വഴി സംസ്ഥാന അതിർ‌ത്തിയായ മുത്തങ്ങയ്ക്കടുത്തുള്ള മൂലെഹോളെ വരെയാണ് കേരളത്തിൽ ഇനി വീതി കൂട്ടാനുള്ളത്. ഇതിൽ മൂലങ്കാവ് മുതൽ സംസ്ഥാന അതിർത്തി വരെയുള്ള ഭാഗത്ത് വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട വനമേഖലകളുള്ളതിനാൽ അത്രയും ഭാഗം (17 കിലോമീറ്റർ) വീതി കൂട്ടുന്നതു സംബന്ധിച്ച് അവസാന ഘട്ടത്തിൽ മാത്രമേ തീരുമാനമുണ്ടാകാനിടയുള്ളു. മലാപ്പറമ്പ് മുതൽ മൂലങ്കാവ് വരെയുള്ള (92 കിലോമീറ്റർ) ഭാഗമാണ് 3 മേഖലകളായി തിരിച്ച് ഇപ്പോൾ പദ്ധതി രേഖ തയാറാക്കുന്നത്.  മലാപ്പറമ്പ് മുതൽ അടിവാരം വരെയുള്ള ആദ്യമേഖലയിലെ പദ്ധതി രേഖ ഏതാണ്ട് പൂർത്തിയായി. ചുരം ആണ് രണ്ടാമത്തേത്. ഇവിടെ 6,7,8 എന്നീ വളവുകൾ പരമാവധി നിവർത്തി വീതി കൂട്ടാനാണ് ആലോചന. ബാക്കി ഭാഗത്തു മിനുക്കു പണികൾ മാത്രമേ ഉണ്ടാകൂ.  വയനാട്ടിൽ ലക്കിടി മുതൽ ബത്തേരി കഴിഞ്ഞ് മൂലങ്കാവ് വരെയാണു നാലുവരി. ഇതിൽ ബത്തേരിയിൽ നാലുവരി ബൈപാസ് നിർമിക്കും. കൽപറ്റയിലെ ബൈപാസ് വീതി കൂട്ടി നാലുവരിയാക്കും. മീനങ്ങാടിയിലും ബൈപാസ് ആവശ്യമാണെന്നാണു പ്രാഥമിക വിലയിരുത്തൽ ..
 
ബത്തേരിയിൽ ദൊട്ടപ്പൻകുളത്തു നിന്നു തുടങ്ങി മൂലങ്കാവിനടുത്ത് തിരുനെല്ലിയിൽ അവസാനിക്കും വിധമാണ് ഇതിനായി സർവേ നടത്തി കല്ലുകളെല്ലാം നേരത്തെ ഇട്ടിരുന്നു. ബത്തേരി ബൈപാസ് തീരുന്ന വരെയാണ് പാത നാലുവരിയാക്കുന്നത്. തിരുനെല്ലിയിലാണ് ബൈപാസ് അവസാനിക്കുന്നതെങ്കിലും ഒരു കിലോമീറ്റർ കൂടി അപ്പുറമുളള മൂലങ്കാവ് കാപ്പിസ്റ്റോർ വരെ നാലു വരിയാക്കിയേക്കും..