മെഡിക്കൽ കോളജ് അടിപ്പാത വ്യാഴാഴ്ച തുറന്നുകൊടുക്കും
1.30 കോടി രൂപ ചെലവിട്ടു പൊതുമരാമത്ത് വകുപ്പു നിർമിച്ച അടിപ്പാത വ്യാഴാഴ്ച (ഒക്‌ടോബർ 17)തുറന്നുകൊടുക്കും
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവിട്ടു പൊതുമരാമത്ത് വകുപ്പു നിർമിച്ച അടിപ്പാത വ്യാഴാഴ്ച (ഒക്‌ടോബർ 17)തുറന്നുകൊടുക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പദ്ധതി രാവിലെ 10.00 മണിക്കു മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
ഏറ്റുമാനൂർ മണ്ഡലവികസനവുമായി ബന്ധപ്പെട്ടു നടന്ന ആദ്യ ശിൽപശാലയിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് മെഡിക്കൽ കോളജിലേക്ക് സുരക്ഷിതമായി കടക്കാൻ അടിപ്പാത എന്ന ആശയം മുന്നോട്ടുവച്ചത്. തുടർന്നു 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ 129.80 ലക്ഷം രൂപ അടിപ്പാത നിർമാണത്തിനായി വകയിരുത്തി. ആറുമാസം കൊണ്ടാണു നിർമാണം പൂർത്തിയാക്കിയത്. അഞ്ചുവർഷമാണ് പരിപാലന കാലാവധി.
അടിപ്പാതയ്ക്കു 18 മീറ്റർ നീളവും, അഞ്ചു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. പടികളോട് കൂടിയ ആഗമന ബഹിർഗമന പാതകളും ക്രമീകരിച്ചിരിക്കുന്നു. ഇതോടൊപ്പം പൂർണമായ നീളത്തിൽ ആധുനിക രീതിയിലുള്ള അലങ്കാരവും വൈദ്യുതീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന നടപ്പാതയിൽകൂടി ആഗമന കവാടം വഴി ഭൂഗർഭ പാതയിൽ പ്രവേശിച്ച് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് എത്താം.
ഉദ്ഘാടനച്ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥി ആകും. പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്‌ളോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി. വിമൽ, ആശുപത്രി വികസനസമിതി പ്രസിഡന്റ് സി.ജെ. ജോസ്, ആർപ്പൂക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഹരിക്കുട്ടൻ, സ്വാഗതസംഘം കൺവീനർ കെ.എൻ. വേണുഗോപാൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ബിനു ബോസ്്, സോബിൻ തെക്കേടം, ജോസ് ഇടവഴിക്കൽ എന്നിവർ പ്രസംഗിക്കും.