മുനമ്പം ഭൂമി തർക്കം; ബിഷപ്പുമായി ചർച്ച നടത്തി സമവായശ്രമവുമായി ലീഗ് നേതാക്കൾ
കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമവായശ്രമവുമായി മുസ്ളീം ലീഗ് നേതാക്കൾ. ഇതിന്റെ ഭാഗമായി നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി അതിരൂപത അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി. മുസ്ളീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ എന്നിവരങ്ങുന്ന നേതാക്കളാണ് ചർച്ച നടത്തിയത്. അതിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.
മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ മുസ്ളീം ലീഗ് മുൻകൈയെടുത്ത് ചർച്ച നടത്തുമെന്ന് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വരാപ്പുഴ അതിരൂപതയുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളിയങ്കണത്തിലാണ് സമരപന്തൽ ഒരുക്കിയിരിക്കുന്നത്.
സൗഹാർദ്ദപരമായ ചർച്ചയാണ് നടന്നതെന്നും മുനമ്പം വിഷയത്തിൽ പ്രശ്‌നപരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നാണ് ചർച്ചയിൽ പ്രധാന നിർദേശമായി ഉയർന്നതെന്നും കൂടിക്കാഴ്‌ചയ്ക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു. സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്നും മുനമ്പം വിഷയം രമ്യമായി പരിഹരിക്കണം എന്നാണ് ഫാറൂഖ് കോളേജ് കമ്മിറ്റിയുടെ നിലപാടെന്നും പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കൾ എത്തിയതെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ചർച്ചയിൽ അതിയായ സന്തോഷമുണ്ട്. ഇതൊരു മാനുഷിക പ്രശ്‌നമാണ്. മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങൾക്കൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.