തിനവിളയും ഗ്രാമനന്മ; ചെറുധാന്യ രുചിവൈവിധ്യത്തിന്റെ ഇരവിപേരൂര്‍ മാതൃക

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്, കോയിപ്രം ബ്ലോക്ക്പഞ്ചായത്ത്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെല്ലാട് പൊയ്കയില്‍പടി കേന്ദ്രീകരിച്ച് കഫേ പ്രവര്‍ത്തിക്കുന്നത്.

Feb 28, 2025
തിനവിളയും ഗ്രാമനന്മ; ചെറുധാന്യ രുചിവൈവിധ്യത്തിന്റെ ഇരവിപേരൂര്‍ മാതൃക
millet-and-village-welfare-iraviperur-model

പത്തനംതിട്ട  : ആരോഗ്യകരമായ ജീവിതത്തിനുള്ള ചെറുധാന്യവിഭവ സമൃദ്ധിയാണ് ഇരവിപേരൂര്‍ ഗ്രാമത്തെ വേറിട്ടുനിര്‍ത്തുന്നത്. ചെറുധാന്യങ്ങളുടെ വൈവിധ്യമാര്‍ന്ന രുചികള്‍ ന്യൂട്രിഹബ്ബ് മില്ലറ്റ് കഫേയില്‍ നിറയുന്നു. കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്, കോയിപ്രം ബ്ലോക്ക്പഞ്ചായത്ത്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെല്ലാട് പൊയ്കയില്‍പടി കേന്ദ്രീകരിച്ച്  കഫേ പ്രവര്‍ത്തിക്കുന്നത്.
തീന്‍മേശകളിലേക്ക് ചെറുധാന്യവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ന്യൂട്രിഹബ് മില്ലറ്റ് കഫെ കൃഷിക്കൂട്ടമാണ് മുന്‍കൈയെടുത്തത്. 2024-25 സാമ്പത്തികവര്‍ഷത്തെ കൃഷിവകുപ്പിന്റെ പദ്ധതിയിലൂടെ സാധ്യമാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ മില്ലറ്റ് കഫെയാണിത്.  മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കൃഷിവകുപ്പ് നടപ്പിലാക്കിയ പദ്ധതിയുടെ പൂര്‍ണ നാമം - പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് വാല്യൂ അഡീഷന്‍ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് മില്ലറ്റ് കഫേ. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 2,12,000 രൂപയാണ് സ്ഥാപനത്തിനായി ചെലവഴിച്ചത്.
ചെറുധാന്യങ്ങളില്‍  അടിസ്ഥാനമാക്കിയുള്ള വിഭവങ്ങള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് വിജയമാകുന്നത്.  കാഴ്ച്ചയില്‍ ചെറുതെങ്കിലും മില്ലറ്റുകള്‍ പോഷക മൂല്യത്തില്‍ മുന്നിലാണ്. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതോതില്‍ പ്രോട്ടീന്‍, മിനറല്‍സ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു മില്ലറ്റുകളില്‍.
പോയകാലരുചികള്‍ക്കൊപ്പം നവകാലആസ്വാദ്യതകള്‍ക്കും ഒരേപോലെ ഇടമുണ്ട്  കഫെയിലെ മെനുവില്‍.  തുച്ഛമായ വിലയില്‍ മില്ലറ്റിന്റെ രുചിഭേദങ്ങള്‍  വ്യത്യസ്ത വിഭവങ്ങളിലൂടെ തയ്യാറാക്കുന്നത് കഫെയിലെ തൊഴിലാളികളാണ്.
മില്ലറ്റ്പാനീയം, കൊഴുക്കട്ട, ഇലയട ഉള്‍പ്പെടെയുള്ള സ്‌നാക്ക്‌സ്,  ഇടിയപ്പം, പാസ്ത, ന്യൂഡില്‍സ് എന്നിവയ്ക്ക് പുറമെ ഉച്ചഭക്ഷണത്തിന് മില്ലറ്റ് മീല്‍സും തയ്യാര്‍. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ രാത്രി 6 വരെ കഫേ പ്രവര്‍ത്തിക്കും.
കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും നിയന്ത്രണത്തിലുള്ള നെല്ലാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഗ്രി സേഫ് പ്രീമിയം ഔട്‌ലെറ്റില്‍ ചെറുധാന്യങ്ങളുടെ ഉള്‍പ്പെടെയുള്ള പ്രീമിയം ബ്രാന്‍ഡഡ് കാര്‍ഷിക ഉല്‍പന്നങ്ങളും  ലഭ്യമാണ്. നല്ല ഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുന്നതിനോടൊപ്പം മില്ലറ്റ് കൃഷിക്കും പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നു.
അഞ്ച് ഹെക്ടര്‍ സ്ഥലത്ത് പ്ലോട്ടുകളായി മില്ലറ്റ് കൃഷിയും ഒരുക്കിയിട്ടുണ്ട്. കൃഷിഭവനില്‍ നിന്ന് റാഗി, മണിച്ചോളം, കമ്പ് എന്നിവയുടെ വിത്തും സൗജന്യമായി നല്‍കിവരുന്നു. ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്. കൃഷി വകുപ്പ് ഒരു ഹെക്ടറിനു ഇരുപതിനായിരം രൂപയുടെ സബ്‌സിഡി സഹായവും മില്ലറ്റ് കൃഷിക്ക് നല്‍കുന്നു.
  ഏത് മണ്ണില്‍ വളരാനും പ്രതികൂലകാലാവസ്ഥയെ അതിജീവിക്കാനും കഴിയുന്ന മില്ലറ്റുകള്‍ക്ക് ലഘുപരിപാലനം മതിയാകും.  വലിയതോതില്‍ ജലം ആവശ്യമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്കും  ആശ്വാസം. പഞ്ചായത്തില്‍  20-30 ഓളം കര്‍ഷകര്‍ അഞ്ചു സെന്റ് പ്ലോട്ടുകള്‍ മുതല്‍ മില്ലറ്റ് കൃഷി ചെയ്തുവരുന്നു. ചെറുധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനു കൃഷി ഭവന്റെ സഹായത്തോടെ ലഭ്യമായ എല്ലാ സേവനങ്ങളും നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.