ഇടുക്കി പെട്ടിമുടി ദുരന്തത്തിന്റെ ഓർമ്മകൾക്ക് നാലു വയസ്സ്
2020 ഓഗസ്റ്റ് ആറിനാണ് രാജമല എസ്റ്റേറ്റിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടി 70 പേർക്ക് ജീവൻ നഷ്ടമായത്.
 
                                    ഇടുക്കി: പെട്ടിമുടി ദുരന്തത്തിന്റെ ഓർമ്മകൾക്ക് നാലു വയസ്സ്. 2020 ഓഗസ്റ്റ് ആറിനാണ് രാജമല എസ്റ്റേറ്റിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടി 70 പേർക്ക് ജീവൻ നഷ്ടമായത്. കണ്ണൻ ദേവൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജമല എസ്റ്റേറ്റ്. കോവിഡ് മഹാമാരിയുടെ കാലമായിരുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ പഠിക്കാനായി പോയിരുന്ന ചില വിദ്യാർത്ഥികൾ ഒഴിച്ച് കുടുംബാംഗങ്ങളെല്ലാം എസ്റ്റേറ്റ് ലയങ്ങളിൽ ഉണ്ടായിരുന്നു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ ഭൂരിഭാഗം പേരും നേരത്തെ ഉറക്കം പിടിച്ചു. രാത്രി 10.45നു ശേഷമാണ് ഉരുൾപൊട്ടൽ ഉണ്ടാവുന്നത് . പുലർച്ചയാണ് ദുരന്തവാർത്ത പുറംലോകം അറിഞ്ഞത്. എന്നത്തേയും പോലെ സംസ്ഥാന സർക്കാരിന്റെ മിഷനറി ഒന്നാകെ രംഗത്തിറങ്ങി. 66 പേരുടെ മൃതശരീരം കണ്ടെത്തി. നാലുപേരുടെ ശരീരം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.കോവിഡ് അതിന്റെ തീവ്രതയിൽ നിൽക്കുന്ന സമയമായിട്ടു പോലും മുഖ്യമന്ത്രിയടക്കം സംഭവസ്ഥലത്ത് എത്തി. പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്ക് കുട്ടിയാർ വാലിയിലാണ് വീടുവച്ച് നൽകിയത്. ഇതുകൂടാതെ തോട്ടം തൊഴിലാളികളായ ഇവർക്ക് ജോലിക്ക് എത്താനുള്ള സൗകര്യത്തിനായി രാജമലയിൽ ഇവർ ആവശ്യപ്പെട്ട സ്ഥലത്ത് തന്നെ എസ്റ്റേറ്റ് ലയങ്ങളും അനുവദിച്ചു. മരിച്ചവരിൽ തമിഴ്നാടുമായി ബന്ധമുണ്ടെന്ന രേഖകൾ സമർപ്പിച്ച ബന്ധുക്കൾക്ക് തമിഴ്നാട് സർക്കാർ മൂന്നുലക്ഷം രൂപ വീതം നൽകി. കേരള സർക്കാർ തമിഴനെന്നോ മലയാളിയെന്നോ വ്യത്യാസമില്ലാതെയാണ് 70 പേരുടെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകിയത്. പ്രത്യേക മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെയാണ് ഇനിയും കണ്ടെത്താനാകാത്ത നാലുപേരുടെത് ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് തുക കൈമാറിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            