വയനാട് ദുരിത ബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ച് മാര്‍പ്പാപ്പ
Pope prays for the victims of Wayanad
വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തി. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെയൊണ് വയനാട് ദുരന്തത്തെ കുറിച്ച് മാര്‍പാപ്പ അനുസ്മരിച്ചത്.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരണമടയുകയും വ്യാപക നാശ നഷ്ടങ്ങളുണ്ടായെന്നും മാര്‍പാപ്പ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കും ദുരിത ബാധിതര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരാനും അദ്ദേഹം ആഹ്വാനം ചെയ്തു.ഇതുവരെ ഏകദേശം 380 ഓളം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. ഇനിയും 180 ലധികം ആളുകളെ കാണാനുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിരവധി രക്ഷാപ്രവർത്തകരും, പൊതുജനങ്ങളുമാണ് രാവും, പകലും സംഭവ സ്ഥലത്ത് തിരച്ചിലുകൾ നടത്തുന്നത്. കത്തോലിക്കാസഭയും, സകലസഹായവും സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദേവാലയങ്ങളും, സ്ഥാപനങ്ങളും രക്ഷാപ്രവർത്തന ആവശ്യങ്ങൾക്കായി വിട്ടുനൽകിയിരിക്കുകയാണ്.
ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം സൃഷ്ടിക്കുന്ന ഭീകരതയെയും മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ പരാമര്‍ശിച്ചു. യുദ്ധം മനുഷ്യന്റെ പരാജയമാണ്. അക്രമം സമാധാനം നല്കില്ല. പ്രതികാരവും ശത്രുതയും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായ നിഷ്‌കളങ്കരും നിരപരാധികളുമായ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തണം. അക്രമവും കൊലപാതകവും ഒന്നിനുമൊരു പരിഹാരമല്ലെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.