ഓണക്കാലത്ത് പാലിനും പാലുൽപ്പനങ്ങൾക്കും റെക്കോഡ് വിൽപന: മന്ത്രി ജെ. ചിഞ്ചുറാണി
വാഴൂർ ബ്ലോക്ക്തല ക്ഷീരസംഗമം
 
                                    കോട്ടയം: ഓണക്കാലത്ത് പാലിനും പാലുൽപ്പന്നങ്ങൾക്കും സംസ്ഥാനത്ത് റെക്കോഡ് വിൽപന നേടാനായി എന്നു ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. വാഴൂർ ബ്ലോക്ക്പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഴൂർ ബ്ലോക്ക്തല ക്ഷീരസംഗമം നെടുമണ്ണി സെന്റ് അൽഫോൻസാ യു.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രതിദിനം രണ്ടുലക്ഷം ലിറ്റർ പാലിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. പാലുൽപാദനത്തിൽ ഈവർഷം സ്വയം പര്യാപ്ത നേടുക എന്നതായിരുന്നു സംസ്ഥാനത്തിന്റെ ലക്ഷ്യം. എന്നാൽ കാലാവസ്ഥ വ്യതിയാനം വെല്ലുവിളിയായി. കടുത്ത ചൂടും തുടർച്ചയായ മഴയും പശുക്കളുടെ ആരോഗ്യത്തെയും തീറ്റപ്പുൽകൃഷിയെയും ബാധിച്ചു. എങ്കിലും ഓണക്കാലത്ത്് മിൽമയ്ക്ക്് അടക്കം റെക്കോഡ് വിൽപന സാധ്യമായി.
കേരളത്തിലെ സ്ഥലപരിമിതിയാണ് കാലിത്തീറ്റ നിർമാണത്തിലെ അസംസ്‌കൃത വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിലെ വെല്ലുവിളി. എങ്കിലും തീറ്റപ്പുൽകൃഷി ലാഭകരമായി നടത്താനാകും. ഏക്കറൊന്നിന് സർക്കാർ 16000 രൂപ സബ്‌സിഡി നൽകുന്നുണ്ട്. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കി കർഷകരെ തുണയ്ക്കുന്നതിനുള്ള നിയമം ഉടൻ നിലവിൽ വരും. മൂന്നുവർഷത്തിനുള്ളിൽ മുഴുവൻ പശുക്കൾക്കും ഇൻഷുറൻസ് നൽകുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ക്ഷീരകർഷരെ തൊഴിൽദാനപദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. കിടാരിപാർക്കുകൾ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. മൂർക്കനാട് 130 കോടി രൂപ ചെലവിട്ടു നിർമിച്ച പാൽപ്പൊടി നിർമാണകേന്ദ്രം ഉദ്ഘാടനത്തിനു സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വാഴൂർ ബ്‌ളോക്കിലേയും പരുത്തിമൂട് ക്ഷീരോൽപാദക സഹകരണ സംഘത്തിലേയും മികച്ച ക്ഷീര കർഷകരെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വാഴൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി,
ഗ്രാമപഞ്ചായത്ത്് പ്രസിഡന്റുമാരായ കെ.എസ് റംലാബീഗം, സി.ജെ ബീന, രവി വി. സോമൻ,
ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം ജോൺ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി ബേബി, ലതാ ഉണ്ണിക്കൃഷ്ണൻ, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എൻ. സുജിത്ത്, ക്ഷീര വികസന ഓഫീസർ ടി. എസ്. ഷിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ക്ഷീരസംഗമത്തോട് അനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യജാലകം, ക്ഷീരവികസന സെമിനാർ, എക്‌സിബിഷൻ എന്നിവ സംഘടിപ്പിച്ചു.
ഫോട്ടോക്യാപ്ഷൻ:
വാഴൂർ ബ്ലോക്ക്പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ വാഴൂർ ബ്ലോക്ക്തല ക്ഷീരസംഗമം നെടുമണ്ണി സെന്റ് അൽഫോൻസാ യു.പി സ്‌കൂളിൽ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു എന്നിവർ സമീപം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            