മലയാളിയുടെ സര്‍ക്കാറും കോടതികളും മലയാളത്തില്‍ സംസാരിക്കണം: വിവരാവകാശ കമ്മിഷണര്‍
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം

മലയാളിയുടെ സര്‍ക്കാരും മലയാളിയുടെ കോടതിയും സായിപ്പിന്റെ ഭാഷയില്‍ സംസാരിക്കേണ്ടെന്നും ഉത്തരവുകളും നടപടി തീര്‍പ്പുകളും മലയാളത്തില്‍ തന്നെ വേണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം പറഞ്ഞു. കായംകുളം നഗരസഭ കേരളപ്പിറവി
ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മലയാളദിനാഘോഷത്തിന്റെ ഭാഗമായ വിവരാവകാശ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ.യു.പ്രതിഭ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാഹോദര്യവും മലയാളത്തിന്റെ മധുരവും എക്കാലവും സംരക്ഷിക്കണമെന്ന് യു. പ്രതിഭ പറഞ്ഞു. മലയാളത്തിനു വേണ്ടി സ്ഥാപിച്ച സര്‍വ്വകലാശാലപോലും ഇംഗ്ലീഷില്‍ അയച്ച കത്ത് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു.
ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കണമെന്ന് വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം പറഞ്ഞു. മലയാളം പറഞ്ഞാല്‍ കുട്ടികളെ ശിക്ഷിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കണം. വിവരാവകാശ അപേക്ഷകള്‍ക്ക് അപേക്ഷകന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നാണ് നിയമം. അല്ലാത്ത ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ചോദ്യങ്ങളോട് സര്‍ക്കാര്‍ യഥാസമയം പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് വിവരാവകാശ നിയമം. ഇത് എക്‌സിക്യൂട്ടീവിന്റെ അഴിമതി കുറയ്ക്കാനും സുതാര്യത കൂട്ടാനും ഉത്തരവാദിത്ത ബോധം വളര്‍ത്താനും ചില്ലറയല്ല ഉപകരിച്ചിട്ടുള്ളത്. ഈ നിയമത്തെ കൂടുതല്‍ ശക്തവും ചടുലവുമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് എന്ന പോലെ തന്നെ പൊതുജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ജനങ്ങള്‍ എത്ര കൂടുതല്‍ ജനാധിപത്യ സര്‍ക്കാറിനോട് അടുത്തു വരുന്നുവോ അതിലധികം അവരില്‍ നിന്ന് അകലം പാലിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇത് കമ്മിഷന്റെ ജോലിഭാരം കൂട്ടുന്നു. ഉദ്യോഗസ്ഥരുടെ പൊതുവിലും എക്‌സിക്യൂട്ടിവിന്റെ തലപ്പത്തുള്ളവരുടെ പ്രത്യേകിച്ചും ആത്മാര്‍ത്ഥത ഇക്കാര്യത്തില്‍ ഉണ്ടായേ മതിയാകൂ. എങ്കില്‍ മാത്രമേ ആര്‍ടിഐ യുടെ ജനസേവനം എന്ന ഉത്തമതാത്പര്യം സംരക്ഷിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍പെഴ്‌സണ്‍ പി.ശശികല അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ എസ്. കേശുനാഥ്, മായാദേവി, യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്.ഭാഷ, പി.ടി എ പ്രസിഡന്റ് ബിജു സൂര്യാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ ചന്ദ്രന്‍, നഗരസഭാ സെക്രട്ടറി എസ്. സനില്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും മേധാവികളും പങ്കെടുത്തു.