ശബരിമല ഭസ്മക്കുള നിര്‍മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി:ദേവസ്വം ബോർഡിന് രൂക്ഷവിമർശനം
ഭസ്മക്കുളത്തിന്റെ നിർമാണത്തിൽ ദേവസ്വം ബോർഡിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി : ശബരിമലയിലെ ഭസ്മക്കുളത്തിന്റെ നിർമാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശബരിമലയില്‍ പുതിയതായി പണി കഴിപ്പിക്കുന്ന ഭസ്മക്കുളത്തിന് കഴിഞ്ഞ ദിവസമാണ് തറക്കല്ലിട്ടത്. മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം കൊപ്രാക്കളത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായാണ് പൂര്‍ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയ പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നത്. പൂര്‍ണമായും ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നിരീക്ഷണത്തോട് കൂടിയാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുക.കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി നിർദേശിച്ചു.
ഭസ്മക്കുളത്തിന്റെ നിർമാണത്തിൽ ദേവസ്വം ബോർഡിനെതിരേ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ശബരിമലയിലെ നിർമാണത്തെ സംബന്ധിച്ച കാര്യങ്ങൾ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ അറിയിച്ചില്ലല്ലോയെന്ന് കോടതി ചോദിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റും ബോർഡും ചേർന്നങ്ങ് തീരുമാനമെടുത്താൽ പോരെന്നും ഇത്തരം കാര്യങ്ങളിൽ പോലീസ്, സ്പെഷൽ കമ്മീഷണർ, ശബരിമല ഉന്നതാധികാര സമിതി എന്നിവരുമായി കൂടിയാലോചന നടത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.പുതിയ ഭസ്മക്കുളം നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സത്യവാംഗ്മൂലമായി സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയോട് സാവകാശം തേടി. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.