വ്യാജതിരിച്ചറിയൽ രേഖ ഉപയോഗിച്ചു ബാലവേല; ജാഗ്രത വേണമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ
Child labor using false identity documents
 
                                    കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കുട്ടികളെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു ബാലവേല ചെയ്യിക്കുന്നതിനെതിരേ ജാഗ്രത പുലർത്തണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ. ബാലവേല - ബാലവിവാഹം നിർമാർജന സംബന്ധിച്ചു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കോട്ടയം നാഗമ്പടം സീസർ പാലസ് ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല കർത്തവ്യ വാഹകരുടെ മേഖലാതല കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു എൻ. സുനന്ദ. രാജ്യത്തു ബാലവേലയും ബാലവിവാഹവും തീർത്തും കുറവുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഇതരസംസ്ഥാനതൊഴിലാളികൾക്കൊപ്പവും അല്ലാതെയും എത്തുന്ന കുട്ടികളെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു 18 വയസ് പിന്നിട്ടുവെന്നു കാട്ടി തൊഴിൽ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. നിയമം ശക്തമായി നടപ്പാക്കിയാൽ മാത്രമേ ബാലവേല പൂർണമായും നിർമാർജനം ചെയ്യാനാവൂ. 100 ശതമാനവും ബാലവേല-ബാലവിവാഹ മുക്തമാക്കി കേരളത്തെ മാറ്റാനാകുമെന്നും കമ്മിഷൻ അംഗം എൻ. സുനന്ദ പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ ടി.സി. ജലജമോൾ, ഡോ. എഫ്. വിൽസൺ എന്നിവർ പ്രസംഗിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലാതല കർത്തവ്യ വാഹകരാണു യോഗത്തിൽ പങ്കെടുത്തത്. ഈ ജില്ലകളിൽ നിന്നുള്ള വനിതാ ശിശു വികസന ഓഫീസർമാർ, ശിശു സംരക്ഷണ ഓഫീസർമാർ, ജില്ലാ ലേബർ ഓഫീസർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ശിശുക്ഷേമസമിതി ഭാരവാഹികൾ, പട്ടികജാതി വികസന ഓഫീസർ, പട്ടികവർഗ വികസന ഓഫീസർ, ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ബാലവേല-ബാലവിവാഹ നിർമാർജനം സംബന്ധിച്ചു കോട്ടയം സീസർ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കൂടിയാലോചനായോഗംബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ ഉദ്ഘാടനം ചെയ്യുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            