സംസ്ഥാന സ്‌കൂൾ കായികമേള: ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്ക് കോട്ടയത്ത് സ്വീകരണം നൽകി
കോട്ടയം എം.ടി. സെമിനാരി സ്‌കൂളിലാണ് സ്വീകരണമൊരുക്കിയത്.
കോട്ടയം: സംസ്ഥാന സ്‌കൂൾ കായികമേളയിലെ കിരീടജേതാക്കൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹനജാഥയ്ക്ക് സഹകരണ-തുറമുഖം-ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കോട്ടയത്ത് വൻ വരവേൽപ്പ്. നവംബർ നാലു മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് നൽകുന്നതിനുള്ള എവർറോളിങ് ട്രോഫിയുമായുള്ള ജാഥയ്ക്ക് കോട്ടയം എം.ടി. സെമിനാരി സ്‌കൂളിലാണ് സ്വീകരണമൊരുക്കിയത്.
കോട്ടയം സെന്റ് ജോസഫ്‌സ് സ്‌കൂൾ പരിസരത്തുനിന്ന് ബാൻഡുമേളത്തിന്റെയും കളരി അഭ്യാസ പ്രകടനങ്ങളുടെയും അകമ്പടിയോടെ എം.ടി. സെമിനാരി സ്‌കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. സ്വീകരണയോഗം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കായിക രംഗത്തിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ് ഓരോ കായികമേളയ്ക്കും വിദ്യാർഥി സമൂഹം നൽകുന്ന പിൻതുണയെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. മേളയിൽ പങ്കെടുക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ജഴ്‌സി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. ബിജി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സർവ ശിക്ഷ കേരള ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ. പ്രസാദ്, ഡി.ഇ.ഒ: കെ.സിനിമോൾ, ആർ.ഡി.ജി.എസ്.എ. സെക്രട്ടറി എബി ചാക്കോ, ജില്ലാ സ്‌പോർട്‌സ് കോഡിനേറ്റർ ബിജു ആന്റണി, ജാഥാ ക്യാപ്റ്റൻ ബിജു വർഗീസ്, എം.ടി. സെമിനാരി സ്‌കൂൾ മാനേജർ റവ. ഡോ. വി.എസ്. വർഗീസ്, പ്രിൻസിപ്പൽ മേരി ജോൺ, ഹെഡ് മാസ്റ്റർ റൂബി തുടങ്ങിയവർ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന 125 കുട്ടികളടക്കം 1385 കുട്ടികളാണ് സംസ്ഥാന കായികമേളയിൽ ജില്ലയിൽനിന്ന് പങ്കെടുക്കുന്നത്.
ഫോട്ടോക്യാപ്ഷൻ:
സംസ്ഥാന സ്‌കൂൾ കായികമേളയിലെ കിരീടജേതാക്കൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹനജാഥയ്ക്ക് സഹകരണ-തുറമുഖം-ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്വീകരണം നൽകുന്നു.