മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ;ശബരിമലയിൽ ഭക്തജന പ്രവാഹം
മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശബരിമലയിൽ അവസാനമെത്തുന്ന തീർഥാടകനും ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുൺ എസ് നായർ
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശബരിമലയിൽ അവസാനമെത്തുന്ന തീർഥാടകനും ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുൺ എസ് നായർ അറിയിച്ചു. മകരവിളക്കിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ദേവസ്വം മന്ത്രിയും കലക്‌ടറും ദേവസ്വം ബോർഡ് പ്രസിഡന്റും വിളിച്ചുചേർത്ത യോഗങ്ങളുടെ ഭാഗമായുള്ള തീരുമാനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വകുപ്പുകളും മികച്ച നിലയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു.
ശബരിമലയിൽ വലിയ തീർഥാടക തിരക്കാണ് ഉണ്ടാകുന്നത്. പ്രതിദിനം തൊണ്ണൂറായിരത്തിന് മുകളിൽ പേർ നിലവിലെത്തുന്നു. ഇന്നലെ സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ് വഴി മാത്രം 26,570 പേർ ഇന്നലെ ദർശനം നടത്തി. പുല്ലുമേട് വഴി 4,731 തീർഥാടകരാണ് സന്നിധാനത്തെത്തിയത്. തിരക്ക് വർധിക്കുമ്പോഴും സുഗമമായ ദർശനത്തിനുള്ള ക്രമീകരണം ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മല കയറിയവർക്കും മണിക്കൂറുകൾക്കുള്ളിൽ ക്യൂവിലൂടെ ദർശനം നടത്താനായി. വാരാന്ത്യം ആയതോടെ ഇന്നും നാളെയും തിരക്ക് വീണ്ടും വർധിക്കാനാണ് സാധ്യത. ഇന്ന് 70,000 പേർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന് ആരംഭിക്കും. ഇത് സുഗമമായി നടത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകൾ 10ന് മുമ്പ് പൂർത്തിയാക്കി അവലോകനം നടത്തും. മകരവിളക്ക് ദർശിക്കാൻ തീർഥാടകർ തമ്പടിക്കുന്ന സ്ഥലങ്ങളിൽ കലക്‌ടറുടെ നേതൃത്വത്തിൽ പൊലീസ്, വനം, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. വലിയാനവട്ടത്ത് തിരക്ക് ഉണ്ടായാലും ഘോഷയാത്രയെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ കൈക്കൊള്ളാൻ വനം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.