എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി: മന്ത്രി എം. ബി. രാജേഷ്
'സുകൃതം വാസുദേവം' എം.ടി. വാസുദേവൻ നായർ അനുസ്മരണ പരിപാടി

തിരുവനന്തപുരം : എം.ടി. വാസുദേവൻ നായർ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും ജനതയുടെയും മനസാക്ഷിയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച 'സുകൃതം വാസുദേവം' എം.ടി. വാസുദേവൻ നായർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരുപാട് വിശ്വപ്രസിദ്ധരായ എഴുത്തുകാരെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് എംടിയാണ്. കൂടാതെ മലയാളത്തിലെ രണ്ട് തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുത്തതിൽ പത്രാധിപരായ എംടിക്ക് പ്രധാനപെട്ട പങ്കുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചുറ്റുവട്ടത്തുനിന്ന് കണ്ടെടുത്ത മനുഷ്യരെ കഥാപാത്രങ്ങളാക്കി അവരിലൂടെ മനുഷ്യരുടെ സാർവ്വലൗകികമായ വ്യഥകളെയും ആത്മസംഘർഷങ്ങളെയും എം.ടി ആവിഷ്‌കരിച്ചുവെന്ന് മന്ത്രി പറഞ്ഞു.
തിരസ്‌കൃതരായ മനുഷ്യരുടെ കഥകളാണ് എംടി ആവിഷ്‌ക്കരിച്ചത്. എല്ലാവരും ചതിയൻ ചന്തു എന്ന് വിളിച്ചയാളെ എംടി നായകനാക്കി. അസാധാരണമായ ധീരമായ പരീക്ഷണങ്ങൾ അദ്ദേഹം എഴുത്തിലും സിനിമയിലും കൊണ്ടുവന്നു.
എംടി ഒരുകാലത്തും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല. പ്രചരണപരമായിട്ട് എഴുതിയിട്ടില്ല. പക്ഷേ അദ്ദേഹം വിശാലമായൊരു രാഷ്ട്രീയം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. പൊതുവെ വളരെ കുറച്ചു സംസാരിച്ചിരുന്ന ആൾ ആണ്. എന്നാൽ താൻ പറയേണ്ട വാക്കുകൾ അനിവാര്യമായ സന്ദർഭങ്ങളിൽ പറയാൻ ഒരു മടിയും കാണിച്ചിട്ടില്ലാത്ത എഴുത്തുകാരനുമായിരുന്നു എംടി.
മതനിരപേക്ഷതയുടെ, ജനാധിപത്യത്തിന്റെ, ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനമൂല്യങ്ങളുടെയെല്ലാം കാവലാളായി എംടി നിലകൊണ്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എംടിയുടെ കഥാപാത്രങ്ങളുടെ ശബ്ദാവിഷ്‌ക്കാരാവും ചടങ്ങിൽ അവതരിപ്പിച്ചു. എഴുത്തുകാരൻ അജിത് കൊളാടി, എഴുത്തുകാരൻ കെ എസ് രവികുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി പി മുരളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.