പുനര്‍നിര്‍ണയം പൂര്‍ത്തിയായി, മുനിസിപ്പാലിറ്റി 3241, കോര്‍പ്പറേഷന്‍ 421, ഗ്രാമപഞ്ചായത്ത് 17337, ജില്ലാ പഞ്ചായത്ത് 346 വാര്‍ഡുകള്‍

തിരുവനന്തപുരം: 14 ജില്ലാപഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയപ്രക്രിയ പൂര്‍ത്തിയായി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ ചെയര്‍മാനും വിവിധ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാരായ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍, കെ.ബിജു, എസ്.ഹരികിഷോര്‍, ഡോ.കെ.വാസുകി എന്നിവര്‍ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസ്‌നമോള്‍.എസ് സെക്രട്ടറിയുമായുള്ള ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനപ്രക്രിയനടത്തിയത്.
2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തില്‍ വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 21900ല്‍ നിന്നും 23612 ആയി
87 മുനിസിപ്പാലിറ്റികളിലെ 3113 വാര്‍ഡുകള്‍ 3241 ആയും, ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍ 17337 ആയും, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ദ്ധിച്ചു.
2011 ലെ സെന്‍സസ് ജനസംഖ്യയുടെയും, തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വാര്‍ഡ് പുനര്‍വിഭജനം നടത്തിയത്. 2015 ല്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തിയതും നിലവിലുള്ള വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡീലമിറ്റേഷന്‍ പ്രക്രിയയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഇതാദ്യമായാണ് വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് ആവശ്യത്തിന് പുറമെ സര്‍ക്കാരിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും വികസന ആവശ്യങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഡിജിറ്റല്‍ ഭൂപടം ഉപയോഗിക്കാനാകും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പൂര്‍ണമായും ഓപ്പണ്‍ സോഴ്‌സ് സാങ്കേതികത അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്യൂഫീല്‍ഡ് ആപ്പ് ഉപയോഗിച്ചാണ് വാര്‍ഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. പൂര്‍ത്തീകരിച്ച മാപ്പുകള്‍ പൊതുജനങ്ങള്‍ക്ക് കാണുവാനും പ്രിന്റ് എടുക്കുന്നതിനും പൂര്‍ണസുരക്ഷ ഉറപ്പാക്കി എച്ച്.റ്റി.എം.എല്‍ ഫോര്‍മാറ്റില്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടിവകുപ്പിന്റെ e-gazette വെബ് സൈറ്റില്‍ (www.compose.kerala.gov.in) ലഭിക്കും