ലോക്സഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച് എൻ.ഡി.എയെ വിറപ്പിച്ച ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത തേടുന്നു.
പ്രതീക്ഷിച്ച സീറ്റുകൾ ലഭിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ തേടാൻ തീരുമാനിച്ചു
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച് എൻ.ഡി.എയെ വിറപ്പിച്ച ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത തേടുന്നു.അതിനിടെ, പ്രതീക്ഷിച്ച സീറ്റുകൾ ലഭിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ തേടാൻ തീരുമാനിച്ചു. ആന്ധ്രപ്രദേശിൽ തകർപ്പൻ പ്രകടനം നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ കണക്കുകൂട്ടലുകൾ തെറ്റിച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടാനാണ് ഇരുസഖ്യങ്ങളും രംഗത്തിറങ്ങിയത്.ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഒപ്പം നിന്നാൽ ആന്ധ്രക്ക് പ്രത്യേക പദവി നൽകാമെന്ന് വാഗ്ദാനം നൽകി. അതോടൊപ്പം നായിഡുവിനെ എൻ.ഡി.എ ദേശീയ കൺവീനറാക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു.ഇൻഡ്യ മുന്നണി നേതാക്കളും നായിഡുവുമായി ബന്ധപ്പെട്ടിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നായിഡുവിനെ ഫോണിൽ വിളിച്ചിട്ടുണ്ട്. എൻ.സി.പി നേതാവ് ശരദ് പവാറും സർക്കാർ രൂപവത്കരണത്തിനായി ഇൻഡ്യ മുന്നണിക്ക് വേണ്ട് മറ്റ് കക്ഷികളുടെ പിന്തുണ തേടിയിട്ടുണ്ട്. നിതീഷ് കുമാറുമായി നല്ല ബന്ധമാണ് പവാറിന്. 225 സീറ്റിൽ ലീഡ് ചെയ്യുന്ന സാഹചര്യത്തിൽ സഖ്യത്തിന് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാം. നായിഡുവിനും നിതീഷിനും പുറമെ വൈ.എസ്.ആർ. കോൺഗ്രസിനെ ഒപ്പം കൂട്ടാനും ഇൻഡ്യ സഖ്യം ശ്രമിക്കുന്നുണ്ട്. നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നാണ് വാഗ്ദാനം. ഈ നിർദേശം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയടക്കം മുന്നോട്ടുവെച്ചു. ഇവരുടെ പിന്തുണ ഉറപ്പിക്കാനായാൽ ഇൻഡ്യ മുന്നണിക്ക് 30 സീറ്റ് അധികം ലഭിക്കും.നിലവിൽ 241സീറ്റുകളിൽ മുന്നേറുന്ന ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 99 സീറ്റുകളിൽ ലീഡുള്ള കോൺഗ്രസ് ഏറ്റവും വലിയ രണ്ടാംകക്ഷിയും.