മാനസികാരോഗ്യം ഉറപ്പാക്കാൻ ദീർഘകാല മാനസികാരോഗ്യ പദ്ധതി: മന്ത്രി വീണാ ജോർജ്
Long term mental health plan to ensure mental health: Minister Veena George
* പകർച്ചവ്യാധി പ്രതിരോധം: ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി
വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീർഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടത്തി വരുന്നുണ്ട്. 137 കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം കൂടി ഉറപ്പാക്കും. കൂടുതൽ ഫീൽഡുതല ജീവനക്കാരെ വീടുകളിലേക്ക് അയക്കും. മാനസികാരോഗ്യത്തിന് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി. ഇത്തരം ദുരന്തങ്ങളിൽ ദീർഘകാല മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മഴ കുറഞ്ഞത് കാരണം ക്യാമ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചെക്ക് ലിസ്റ്റ് പ്രകാരം മെഡിക്കൽ ടീം ക്യാമ്പുകൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവർക്ക് ആരോഗ്യസേവനം ഉറപ്പാക്കിയിട്ടുണ്ട്. 14 സ്ഥലങ്ങളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് മൊബൈൽ ലാബുകൾ സജ്ജമാക്കി. സന്നദ്ധ പ്രവർത്തകർക്കും ജീവനക്കാർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ വിതരണം ചെയ്തു വരുന്നു. 84 സാമ്പിളുകൾ എടുത്ത് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു.
മൃതദേഹങ്ങൾ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആംബുലൻസുകൾ സജ്ജമാണ്. മൃതദേഹങ്ങൾ സൂക്ഷിക്കാനായി 138 ഫ്രീസറുകൾ അധികമായുണ്ട്. 225 മൃതദേഹങ്ങളും 181 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീരഭാഗങ്ങളുൾപ്പെടെ 406 പോസ്റ്റുമോർട്ടങ്ങൾ നടത്തി.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്തു.