തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്
മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടതു കയ്യിലെ നടുവിരലിൽ
തിരുവനന്തപുരം: ജില്ലയിൽ ജൂലൈ മുപ്പതിന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകൾ, പെരിങ്ങമല പഞ്ചായത്തിലെ കൊല്ലായിൽ, കരിമൺകോട്, മടത്തറ വാർഡുകൾ, കരവാരം പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പാറ വാർഡുകളിലാണ് ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പിൽ സമ്മതിദായകരുടെ ഇടത് കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം ഇടതു കയ്യിലെ നടുവിരലിൽ മഷി പുരട്ടുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി പൂർണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് നടുവിരലിൽ മഷി പുരട്ടുന്നതിന് നിർദേശം നൽകിയത്.
സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിനായി എട്ട് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാവുന്നതാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയിൽ കാർഡ് ഇവയിലേതെങ്കിലും ഒരു രേഖ പോളിങ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണം.
ജൂലൈ 31നാണ് വോട്ടെണ്ണൽ.