‘ജീവനി- മെന്റൽ വെൽ ബീയിങ്’ പദ്ധതി;സൈക്കോളജി അപ്രന്റിസ് നിയമനം
തിരുവനന്തപുരം : കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള സർക്കാർ ആവിഷ്കരിച്ച ‘ജീവനി- മെന്റൽ വെൽ ബീയിങ്’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോളേജിനെ ചുമതലപ്പെടുത്തിയിട്ടുള്ള മറ്റു കോളേജുകളിലേക്കും പ്രതിമാസം 17,600 രൂപ വേതന നിരക്കിൽ ബിരുദാനന്തര ബിരുദധാരികളെ താത്കാലികമായി സൈക്കോളജി അപ്രന്റീസുമാരായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയവർ ആഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യവിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരദാനന്തര ബിരുദമാണ് അടിസ്ഥാന നിയമന യോഗ്യത. കൂടാതെ ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ കൗൺസലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യതയാണ് അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും.