കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം വീണ്ടും തടസപ്പെട്ടു
രത്നഗിരിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
മുംബൈ: കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. രത്നഗിരിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലേക്ക് മരങ്ങളും വീണുകിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.വിൻഹെരെ (റായ്ഗഡ്), ദിവാൻ ഖാവതി (രത്നഗിരി) സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലുണ്ടായ സമയത്ത് ഈ ഭാഗത്തു കൂടി ട്രെയിനുകൾ ഒന്നും കടന്നു പോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.ഖേഡിന് സമീപം ദിവാങ്കാവതിയിൽ കൊങ്കൺ റെയിൽവേ പാളത്തിൽ വിള്ളൽ വീണതായും റിപ്പോർട്ടുണ്ട്. ഇതോടെ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറായി മുംബൈയിലും കൊങ്കണിലും കനത്ത മഴ തുടരുകയാണ്.16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ–ലോണാവാല–ജോലാർപേട്ട–പാലക്കാട്–ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.