'ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ചാറ്റ് ജിപിടിയും ഡീപ്‌സീക്കും ഉപയോഗിക്കരുത്'; വിലക്കി ധനമന്ത്രാലയം
ഡേറ്റ സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയാണ് നടപടി.

ന്യൂഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ചാറ്റ് ജിപിടിയും ഡീപ്‌സീക്കും ഉള്‍പ്പെടെയുള്ള എ.ഐ. ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് കേന്ദ്ര ധനമന്ത്രാലയം. ഡേറ്റ സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയാണ് നടപടി. ജനുവരി 29-ന് തന്നെ സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരുന്നു.ഓഫീസ് കമ്പ്യൂട്ടറുകളിലേയും ഉപകരണങ്ങളിലേയും ചാറ്റ് ജിപിടി, ഡീപ്‌സീക് മുതലായ എ.ഐ. ആപ്പുകളും ബോട്ടുകളും സര്‍ക്കാര്‍ രേഖകളുടെ രഹസ്യസ്വഭാവത്തിന് അപകടമുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്' എന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുള്ളത്. ധനവകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെ ഡി.ഒ.ഇ. ജോയിന്റ് സെക്രട്ടറിയാണ് കുറിപ്പിറക്കിയത്.നേരത്തെ, പേഴ്‌സണല്‍- ട്രെയ്‌നിങ് മന്ത്രാലയം ചാറ്റ് ജിപിടി- 4 പ്ലസ് ഉപയോഗം പഠിപ്പിക്കാന്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍നിന്ന് താഴോട്ട് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി പദവികളിലുള്ളവര്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കിയത്.