16 തൊഴിലാളി ക്ഷേമനിധി ബോർഡുകൾ 11 ആകും; ഏകീകൃത തിരിച്ചറിയൽ കാർഡ് വരും തൊഴിലാളികൾക്ക് രേഖകൾ നൽകാൻ ജൂലൈ 31 വരെ സമയം,അക്ഷയ വഴി അപേക്ഷിക്കാം
ഇരട്ട അംഗത്വം ഒഴിവാക്കി ബാക്കിയുള്ളവർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകും.

തിരുവനന്തപുരം ∙ സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലുള്ള 16 തൊഴിലാളി ക്ഷേമനിധി ബോർഡുകൾ 11 ആയി ചുരുക്കുന്നതിന്റെ മുന്നോടിയായി ഇരട്ട അംഗത്വമുള്ള തൊഴിലാളികളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ പരിശോധന ആരംഭിച്ചു. 40 ലക്ഷത്തോളം പേരുടെ പരിശോധന പൂർത്തിയാകുമ്പോൾ ഇരട്ട അംഗത്വം ഒഴിവാക്കി ബാക്കിയുള്ളവർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകും.
ആധാർ– പാൻ കാർഡുകൾ, ബാങ്ക് പാസ്ബുക്ക്, മൊബൈൽ നമ്പർ തുടങ്ങിയവ സഹിതം തൊഴിലാളികൾ അപ്ഡേഷൻ നടത്തുന്ന ആദ്യഘട്ടം പൂർത്തിയായി. വിവരം ശരിയാണോയെന്നു പരിശോധിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാൻ ജൂലൈ 31 വരെ തൊഴിലാളികൾക്കു സമയം അനുവദിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രം വഴി ഇത് പൂർത്തിയാക്കാം .
- സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും സുഗമ പ്രവർത്തനത്തിനും വേണ്ടിയാണു ബോർഡുകളുടെ ലയനമെന്നാണ് സർക്കാർ വാദം. ഭൂരിഭാഗം ബോർഡുകളും അംഗങ്ങൾക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകാൻ പ്രയാസപ്പെടുകയാണ്. വിവിധ ബോർഡുകളെ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംയോജിപ്പിക്കുന്നതിന്റെ സാങ്കേതികത പരിശോധിച്ചുവരികയാണ്. ബോർഡുകൾ ലയിപ്പിക്കുന്നതോടെ ജില്ലാ ഓഫിസുകളിലടക്കം ജീവനക്കാരുടെ എണ്ണവും കുറയ്ക്കും. സർക്കാരിലെ മറ്റു വകുപ്പുകളിലായി 15 ക്ഷേമനിധി ബോർഡുകൾ കൂടി നിലവിലുണ്ട്.നിലനിർത്തുന്ന ബോർഡുകൾ (ഓരോ ബോർഡിലും ലയിപ്പിക്കുന്നവ ബ്രാക്കറ്റിൽ)
1. കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്
2. തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ്
3. കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് (അബ്കാരി ക്ഷേമനിധി ബോർഡ്)
4. അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡ്
5. ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ( ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്)
6. തൊഴിലാളി ക്ഷേമനിധി ബോർഡ് (ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്)
7. മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ്
8. കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്
9. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്
10. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്
11. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് (ബീഡി ആൻഡ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്)