നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി,വർധന വരുത്തുന്നതിൽ പ്രതിഷേധം ശക്തം
വർധന വരുത്തുന്നതിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം :2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ശുപാർശകളിൻമേൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി വിവിധ മേഖലകൾ തിരിച്ച് തെളിവെടുപ്പ് നടത്തി.
കമ്മീഷൻ ചെയർമാൻ ടി കെ ജോസിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിംഗിൽ ടെക്നിക്കൽ മെംബർ ബി പ്രദീപ്, ലീഗൽ മെംബർ അഡ്വ. എ ജെ വിൽസൺ എന്നിവരും പങ്കെടുത്തു. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ കെഎസ്ഇബിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് അവതരണം നടത്തി.
വൈദ്യുതി ഉപഭോക്താക്കളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം കെഎസ്ഇബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ആരായണമെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ പറഞ്ഞു.സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുകയാണെന്ന് പങ്കെടുത്തവർ ആരോപിച്ചു . ഈ വര്‍ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്‍ദേശം റെഗുലേറ്ററി കമ്മീഷന് മുന്നില്‍വച്ചിരിക്കുകയാണ്. ഇതിന് പുറമേ വര്‍ഷത്തില്‍ ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസം സമ്മര്‍ ചാര്‍ജ് ഇനത്തില്‍ പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങാന്‍ ചെലവ് കൂടിയത് കാരണം നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട പോകാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം..എന്നാൽ ഇത് കടുത്ത ജനദ്രോഹമാണെന്ന് ജനങ്ങൾ പറയുന്നു .ഉദ്യോഗസ്ഥരുടെ അമിത ശമ്പളവും പലപേരിൽ ഈടാക്കുന്ന വിവിധ നിരക്കുകളെയും ജനം ചോദ്യം ചെയ്തിട്ടുണ്ട് ,എല്ലാ മേഖല തല തെളിവെടുപ്പുകളിലും വൻ ജനാവലിയാണ് പ്രതിഷേധ സ്വരവുമായി എത്തിച്ചേർന്നത് .
വിവിധ രാഷ്ട്രീയ, വ്യാപാര, വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ കമ്മീഷൻ മുമ്പാകെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചു. നിലവിൽ മേഖലാ തലങ്ങളിൽ മാത്രം നടന്നുവരുന്ന തെളിവെടുപ്പുകൾ എല്ലാ ജില്ലകളിലും നടത്തണമെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നു. ദ്വൈമാസ ബില്ലിംഗ് രീതിക്കു പകരം ഓരോ മാസവും ബില്ല് നൽകുന്ന രീതി നടപ്പിലാക്കുക, വൈദ്യുതി ബില്ലുകൾ മലയാളത്തിലാക്കുക, സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും തെളിവെടുപ്പിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചു.
പീപ്പിൾസ് റിലീഫ് ഫോറം,ആർബിഐ, ആം ആദ്മി പാർട്ടി, കേരള പ്ലാസ്റ്റിക് നിർമ്മാണ അസോസിയേഷൻ, ഭാരതീയ ജവാൻ കിസാൻ പാർട്ടി, കേരള സിറ്റിസൺ ഫോഴ്‌സ്, ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻ, ഫ്രറ്റേണിറ്റി, എംആർഎഫ് (എച്ച്ടി & ഇഎച്ച്ടി), ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ, കെഎസ്എസ്‌ഐഎ, സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, എബിജിപി, കേരള സർവീസ് ആൻഡ് യൂട്ടിലിറ്റി കൺസ്യൂമർ എൻജിനീയേഴ്സ്, കെഎസ്ഇബി അസോസിയേഷൻ, കൗൺസിൽ ഓഫ് സിബിഎസ്ഇ സ്‌കൂൾ കേരള, കെ എസ് ഇ ബി സീനിയർ ഫോറം തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും കമ്മീഷൻ മുമ്പാകെ നിർദ്ദേശങ്ങൾ സമർപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് ആളുകളാണ് തെളിവെടുപ്പിൽ പങ്കെടുത്തത്.