കോളേജുകളില്‍ ആധുനിക വികസനത്തോടൊപ്പം അക്കാദമിക് ഉള്ളടക്കത്തില്‍ മാറ്റവും വേണം: മന്ത്രി ആര്‍.ബിന്ദു
കോളേജുകളില്‍ ആധുനിക വികസനത്തോടൊപ്പം അക്കാദമിക് ഉള്ളടക്കത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നെന്മാറ എന്‍എസ്എസ് കോളേജില്‍ റൂസ പദ്ധതി പ്രകാരം രണ്ടുകോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ബിന്ദു. വിദ്യാഭ്യാസത്തോടൊപ്പം സാമ്പത്തിക മൂല്യം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്‌കരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിനുശേഷം തൊഴില്‍ നേടാന്‍ ഉപകരിക്കുന്ന പദ്ധതികളാണ് ആവശ്യം. റൂസ പദ്ധതി പ്രകാരം 568 കോടി രൂപയാണ് ചെലവഴിക്കുന്നത്. 162 കോളേജുകളിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനായി. കെ ബാബു എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്തു. റൂസ സംസ്ഥാന കോഡിനേറ്റര്‍ കെ സുധീര്‍ ഐഎഎസ്, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വത്സല, വാര്‍ഡ് മെമ്പര്‍ കെ ഓമന, നിര്‍മിതി കേന്ദ്ര റീജിയണല്‍ എന്‍ജിനീയര്‍ എം ഗിരീഷ്, പിടിഎ വൈസ് പ്രസിഡന്റ് കാസിം, കോളേജ് ചെയര്‍മാന്‍ ഗൗതം ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.