സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കും: അഡ്വ. പി. കുഞ്ഞായിഷ
സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നത് വര്‍ധിച്ചു വരുകയാണെന്നും ഇത്തരം പരാതികളില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. തെരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് സംബന്ധിച്ച പരാതികള്‍ വനിതാ കമ്മിഷന് മുന്‍പാകെ എത്തുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഇത്തരത്തിലുള്ള രണ്ടു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അംഗം പറഞ്ഞു. കാലാലയങ്ങളിലും സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കാമ്പയിനുകളിലും തദ്ദേശ സ്ഥാപനതലത്തിലെ ജാഗ്രതാ സമിതികളിലും ഗാര്‍ഹിക പീഡന നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ സംബന്ധിച്ച അവബോധ ക്ലാസുകള്‍ നടത്താറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തികരമായ പ്രചാരണങ്ങളെ നിയമപരമായി നേരിടുന്നതിനുള്ള ബോധവല്‍ക്കരണം സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി നിരവധി ബോധവത്ക്കരണ പരിപാടികള്‍ വനിതാ കമ്മിഷന്‍ നടത്തി കഴിഞ്ഞു. ഇത്തരം ബോധവത്ക്കരണ പരിപാടികള്‍ തുടരുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. അദാലത്തില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതിയിന്‍മേല്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 22 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 30 പരാതികളാണ് പരിഗണിച്ചത്. വുമണ്‍സെല്‍ എഎസ്‌ഐ ടി. ശൈലജ, സിപിഒ എ.കെ. ജയശ്രീ, അഡ്വ. എം. ഇന്ദിരാവതി, ഫാമിലി കൗണ്‍സിലര്‍ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു. .