പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മലയാളത്തിലെ ഒരു കൂട്ടം സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി സിനിമകള്‍ പ്രേക്ഷകരിലേക്കെത്തുന്നു
ഓണം റിലീസായി ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മലയാളത്തിലെ ഒരു കൂട്ടം സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി സിനിമകള്‍ പ്രേക്ഷകരിലേക്കെത്തുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ മഹാരഥന്‍മാര്‍ അണിനിരക്കുന്ന ചിത്ര സഞ്ചയം ‘മനോരഥങ്ങള്‍’ എന്ന പേരില്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഓണം റിലീസായി ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് എംടിയുടെ പിറന്നാള്‍ ദിനമായ ഇന്ന് കൊച്ചിയില്‍ നടക്കും. എംടിയാണ് ആന്തോളജി സിനിമകള്‍ക്ക് ‘മനോരഥങ്ങള്‍’ എന്ന പേര് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എംടിയുടെ തിരഞ്ഞെടുത്ത കഥകളാണ് ചിത്രങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഓളവും തീരവും, ശിലാലിഖിതം, കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ്, ഷെര്‍ലക്ക്, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, കാഴ്ച, കടല്‍ക്കാറ്റ്, വില്‍പ്പന തുടങ്ങിയ സിനിമകളാണ് ചിത്രസഞ്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഓളവും തീരവും’ ‘ശിലാലിഖിത’വും സംവിധായകന്‍ പ്രിയദര്‍ശനാണ് ഒരുക്കിയിട്ടുള്ളത്. ഓളവും തീരത്തില്‍ മോഹന്‍ലാലും ശിലാലിഖിതത്തില്‍ ബിജുമേനോനും പ്രധാന വേഷത്തിലെത്തും. എംടിയുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തിട്ടുള്ളത്. തുടര്‍ന്ന് ഷെര്‍ലക്കില്‍ മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടും. ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവന്‍ നടന്‍ സിദ്ദീഖിനെ പ്രധാന വേഷത്തിലെത്തിച്ചും ‘സ്വര്‍ഗം തുറക്കുന്ന സമയം’ നെടുമുടി വേണു, സുരഭി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജുമാണ് സംവിധാനം ചെയ്തിട്ടുള്ളത്. പാര്‍വതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകന്‍ ശ്യാമപ്രസാദ് ആണ്. ‘കടല്‍ക്കാറ്റ്’ എന്ന സിനിമ സംവിധായന്‍ രതീഷ് അമ്പാട്ട് ഇന്ദ്രജിത്തിനെയും അപര്‍ണബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്നു. ഇവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. ‘വില്‍പന’ എന്ന ചിത്രമാണ് അശ്വതിയുടെ സംവിധാനത്തില്‍ ഒരുങ്ങിയിട്ടുള്ളത്്. ആസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.