അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങളെ കണ്ടെത്താൻ CSC - കേന്ദ്രങ്ങളിൽ പോലീസ് പരിശോധന

Jul 6, 2024
അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങളെ കണ്ടെത്താൻ  CSC - കേന്ദ്രങ്ങളിൽ പോലീസ് പരിശോധന

        സംസ്ഥാനത്ത് അനുദിനം വർദ്ധിച്ചു വരുന്ന അനധികൃത ഓൺലൈൻ കേന്ദ്രങ്ങളെ കണ്ടെത്താനായി കേരള സി എസ് സി,UIDAI ,കേരള സ്റ്റേറ്റ് ഐ ടി മിഷൻ എന്നിവയുടെ നിർദ്ദേശപ്രകാരം പോലീസ് അന്യോഷണം ആരംഭിച്ചു. സി.എസ്.സി കേന്ദ്രങ്ങൾ എന്ന് ബോർഡ് വെച്ച് വ്യാജ CSC ഐ.ഡി കൾ ഉപയോഗിച്ച് ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളെ കണ്ടുപിടിക്കാനായി മുഴുവൻ CSC ബോർഡുള്ള കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തും. CSC ഐ ഡി കൾ വ്യാജമാണോ എന്ന് പരിശോധിക്കുന്നതോടൊപ്പം തങ്ങൾക്ക് അനുവദനീയമല്ലാത്ത സേവനങ്ങൾ ഇത്തരം CSC കേന്ദ്രങ്ങൾ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തും. ഓപ്പൺ പോർട്ടലുകൾ എന്ന് അറിയപ്പെടുന്ന വ്യക്തിഗത പോർട്ടലുകൾ ഉപയോഗിച്ച് സേവനങ്ങൾ ചെയ്തു കൊടുക്കുന്നതായി കണ്ടാൽ അത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കും. ഇത്തരം കേന്ദ്രങ്ങൾ സേവനങ്ങൾക്ക് രസീതുകൾ നൽകുന്നുണ്ടോ എന്നും അധിക ചാർജുകൾ ഈടാക്കുന്നുണ്ടോയെന്നും പരിശോധിക്കും. മറ്റ് മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് മാത്രം സംഘടിപ്പിച്ച് ഓൺലൈൻ കേന്ദ്രങ്ങൾ തുടങ്ങി സർക്കാർ സേവനങ്ങൾ വ്യാജമായി ചെയ്യുന്നതായും സേവനങ്ങൾക്ക് അധിക ചാർജ് ഇടാക്കുന്നതായും ജനങ്ങളുടെ വിലപ്പെട്ട രേഖകൾ ദുരുപയോഗം ചെയ്യുന്നതുമായുള്ള പരാതികൾ സംസ്ഥാനത്ത് ഏറി വരുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികൾ. പലരും മറ്റ് സംരംഭങ്ങൾക്കായി ലൈസൻസ് എടുത്താണ് ഓൺലൈൻ കേന്ദ്രങ്ങൾ തുടങ്ങുന്നത്. പല പേരുകളിൽ ഓൺലൈൻ കേന്ദ്രങ്ങൾക്ക് ഫ്രാൻഞ്ചെസി നൽകുന്ന നിരവധി ഏജൻസികൾ നിലവിൽ കേരളത്തിൽ ഉണ്ട്. ലക്ഷങ്ങളാണ് ഇവർ ഇത്തരം സംരംഭകരിൽ നിന്ന് ഫ്രാൻഞ്ചെസി ഇനത്തിൽ ഈടാക്കുന്നത്. ഒറ്റ സി.എസ്.സി ഐഡി തന്നെ ഇവർ പല ഫ്രാൻഞ്ചെസികൾക്കായി ഷെയർ ചെയ്ത് നൽകുന്നതായും പറയപ്പെടുന്നു. അക്ഷയ കേന്ദ്രങ്ങൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവർ ഇത്തരം വ്യാജകേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇത് നിയമ വിരുദ്ധമാണ്. ഇത്തരം ഏജൻസികൾ നൽകുന്ന മോഹനവാഗ്ദാനങ്ങളിൽ വീണ് ലക്ഷങ്ങൾ മുടക്കി സേവന കേന്ദ്രങ്ങൾ തുടങ്ങിയ പലരും ഇന്ന് വൻ സാമ്പത്തിക ബാധ്യതയിൽ പെട്ട് സ്ഥാപനങ്ങൾ വിൽപ്പന നടത്താൻ പോലും പറ്റാതെ പരക്കം പായുകയാണ്.