ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ പരിശീലന പരിപാടിയ്ക്ക് തുടക്കമായി

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു

Jun 19, 2024
ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ പരിശീലന പരിപാടിയ്ക്ക് തുടക്കമായി
training-program-for-live-stock-inspectors-started

തിരുവനന്തപുരം : മൃഗസരംക്ഷണ പ്രവർത്തനങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ പങ്ക് പ്രധാനമെന്ന് മന്ത്രി103മത് ബാച്ച് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ ആറ് മാസത്തെ ഇൻ സർവീസ് പരിശീലന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിൽ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണം-ക്ഷീരവികസനം വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ കുടപ്പനക്കുന്ന്, കൊട്ടിയം, ആലുവ, ആതവനാട്, മുണ്ടയാട്, സുൽത്താൻ ബത്തേരി എന്നീ പരിശീലന കേന്ദ്രങ്ങളിൽ വച്ച് 214 ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർക്കാണ് ആദ്യഘട്ട പരിശീലനം നൽകുന്നത്.

വകുപ്പ് നടത്തുന്ന മൃഗസരംക്ഷണ പ്രവർത്തനങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പാലുത്പാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തതയിലേക്ക് എത്തുന്നതിന്, വർഷത്തിൽ ഒരു പശുക്കിടാവെന്ന ലക്ഷ്യം പൂർത്തീകരിക്കേണ്ടതുണ്ട്. പശുക്കളിലും കിടാരികളിലും കൃത്യമായ മദി ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കൃത്രിമബീജസങ്കലനം നടത്തി ചെന പിടിപ്പിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും, പരിശീലനം പൂർത്തിയാക്കുന്ന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ മികച്ച എ.ഐ ടെക്‌നീഷ്യൻമാരായി മാറണമെന്നും മന്ത്രി വ്യക്തമാക്കി. കൃത്യതയോടെയും കാര്യക്ഷമതയോടെയുമുള്ള പ്രവർത്തനം മൃഗസംരക്ഷണമേഖലയിൽ വലിയമാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. പാവപ്പെട്ട ക്ഷീരകർഷകരെ സഹായിക്കുകയെന്ന വലിയൊരു ഉത്തരവാദിത്തമാണ് ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാർക്കുള്ളതെന്നും വെറ്ററിനെറി ഡോക്ടർമാരോടൊപ്പം നിന്ന് ചുമതലകൾ കൃത്യമായി നിർവഹിക്കാൻ കഴിയണമെന്നും മന്ത്രി ആശംസിച്ചു.

പി.എസ്.സി മുഖേന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായവരെ സാങ്കേതിക മികവുള്ളവരാക്കുകയെന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട തിയറി, പ്രയോഗിക പരിശീലനങ്ങൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പശുക്കളിലെ കൃത്രിമബീജസങ്കലനം നടത്തുന്നതിനുള്ള പ്രായോഗിക പരിശീലനം, മൃഗപരിപാലനത്തിന്റെ അടിസ്ഥാനതത്വങ്ങൾ, സാംക്രമികരോഗങ്ങൾ തടയുന്നതിനാവശ്യമായ നടപടികൾ എന്നിവയാണ് പാഠ്യപദ്ധതിയിലുള്ളത്.

ചടങ്ങിൽ മൃഗസംരക്ഷണവകുപ്പിന്റെ ബ്രോഷറുകൾ, കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട ബുക്ക്‌ലെറ്റുകൾ, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ പരിശീലനത്തിന്റെ പ്രാക്ടിക്കൽ മാന്വൽ, ജീവജാലകം മാഗസിൻ എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. കഴിഞ്ഞ വർഷം ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പരിശീലനത്തിലെ റാങ്ക് ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകളും മന്ത്രി നൽകി.

മൃഗസംരക്ഷണവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.സിന്ധു.കെ അധ്യക്ഷയായിരുന്നു. മൃഗസംരക്ഷണവകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ.വിനുജി.ഡി, ഡോ.ജിജിമോൻ ജോസഫ്, തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ശ്രീകുമാർ പി.എസ്, കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഇൻ ചാർജ് ഡോ.ഷൈൻകുമാർ.ഡി, കുടപ്പനക്കുന്ന് എൽ.എം.റ്റി.സി പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ.സുനിൽകുമാർ ആർ, കണ്ണൂർ എൽ.എം.റ്റി.സി പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ.നസീമ എ, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ.മീരാ അൺവിൻ ആന്റണി, ഡോ.അരുണോദയ പി.വി, മൃഗസംരക്ഷണവകുപ്പ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.