കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ വിടവാങ്ങി
ഭൗതിക ശരീരം നാളെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്‌ക്കും

കോഴിക്കോട്: സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ (100) വിടവാങ്ങി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് അന്ത്യം .
ഭൗതിക ശരീരം നാളെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്‌ക്കും. പിന്നീട് ജന്മഗൃഹമായ കോട്ടക്കല്‍ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോയി സംസ്‌കാരിക്കും.
കോട്ടക്കല്‍ കിഴക്കേ കോവിലകത്തെ കുഞ്ഞുമ്പാട്ടിയുടെയും അഴകപ്ര കുബേരന്‍ നമ്പൂതിരിപ്പാടിന്റെയും മകനായാണ് ഉണ്ണിയനുജന്‍ രാജ ജനിച്ചത്. കോട്ടക്കലില്‍ പ്രാഥമിക വിദ്യാഭ്യാസം. ഗുരുവായൂരപ്പന്‍ കോളേജില്‍ ഉപരിപഠനം നടത്തി. എന്‍ജിനീയറിംഗ് ബിരുദം നേടിയ ശേഷം റെയില്‍വേ എന്‍ജിനീയറായി ജോലിയില്‍ ചേര്‍ന്നു. ജാംഷഡ്പൂരില്‍ ടാറ്റാ കമ്പനിയിലും ജോലി നോക്കിയിട്ടുണ്ട്. കളമശ്ശേരി എച്ച്.എം.ടിയില്‍ പ്‌ളാനിംഗ് എന്‍ജിനീയറായാണ് 1984ല്‍ വിരമിച്ചത്. സാമൂതിരിയായത് 12 വര്‍ഷം മുന്‍പാണ്. ഭാര്യ മാലതിരാജ. മക്കള്‍: സരസിജ, മായ, ശാന്തി.