കോട്ടയം ജില്ലാതല വാർത്തകൾ ,അറിയിപ്പുകൾ .....

KOTTAYAM NEWS

Aug 19, 2024
കോട്ടയം ജില്ലാതല വാർത്തകൾ ,അറിയിപ്പുകൾ .....
KOTTAYAM NEWS


ശരണ്യ സ്വയം തൊഴിൽപദ്ധതി: 49 അപേക്ഷകൾക്ക് അംഗീകാരം നൽകി
കോട്ടയം: അശരണരായ വനിതകൾക്കു എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യസ്വയം തൊഴിൽ പദ്ധതിയിൽ 49 അപേക്ഷകൾക്ക് ജില്ലാതല കമ്മിറ്റി യോഗം അംഗീകാരം നൽകി. കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി ലഭിച്ച 63 അപേക്ഷകളാണ് യോഗത്തിന്റെ പരിഗണനയ്‌ക്കെത്തിയത്്. പശുവളർത്തൽ, വസ്ത്രനിർമാണം, ഹോട്ടൽ, തട്ടുകട, ക്ലീനിങ് ഉൽപന്നങ്ങൾ, തയ്യൽയൂണിറ്റ്, എൽ.ഇ.ഡി. ഉൽപാദനം, സ്‌റ്റേഷനറി കട, ചായക്കട, കൂൺ കൃഷി, ഇറച്ചിക്കോഴിവളർത്തൽ, പലചരക്ക് കട, അച്ചാർ യൂണിറ്റ്, പലഹാരക്കട, ബേക്കറി തുടങ്ങിയ സംരംഭങ്ങൾക്കാണ് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്.
 എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടിക വർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കന്മാരുള്ള വനിതകൾ എന്നീ അശരണരായ വനിതകൾക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടത്തുന്നതാണ് ശരണ്യ സ്വയം തൊഴിൽ പദ്ധതി.
 പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. പദ്ധതി പരിശോധിച്ച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഒരു ലക്ഷം രൂപ വരെ അനുവദിക്കും. വായ്പാ തുകയുടെ 50%,  പരമാവധി 25,000 രൂപ വരെ സബ്സിഡിയായി അനുവദിക്കും.
 സംരംഭം നല്ല രീതിയിൽ നടത്തുന്നവർക്കു ആദ്യ വായ്പയുടെ 50 ശതമാനമെങ്കിലും തിരിച്ചടച്ചിട്ടുണ്ടെങ്കിൽ സംരംഭം വിപുലീകരിക്കാൻ ആദ്യ വായ്പാതുകയുടെ 80 ശതമാനത്തിൽ കവിയാത്ത തുക തുടർവായ്പയായി കുറഞ്ഞ പലിശനിരക്കിൽ അനുവദിക്കും. ബിരുദധാരികളായ വനിതകൾ, പ്രൊഫഷണൽ/സാങ്കേതിക യോഗ്യതയുള്ളവർ/സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികൾക്ക് നൽകുന്ന പ്രവൃത്തി കാര്യക്ഷമത സർട്ടിഫിക്കറ്റുള്ളവർ, ഐ.ടി.ഐ./ഐ.ടി.സികളിൽനിന്നു വിവിധ ട്രേഡുകളിൽ പരിശീലന സർട്ടിഫിക്കറ്റുള്ളവർ എന്നിവർക്കു മുൻഗണന ലഭിക്കും. പദ്ധതിയിലൂടെ വായ്പ ലഭിക്കുന്നവർക്ക് തൊഴിൽരഹിത വേതനം തുടർന്നു ലഭിക്കില്ല. അതേസമയം സംരംഭവും വായ്പാതിരിച്ചടവും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നവരെ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താൽക്കാലികവും സ്ഥിരവുമായ ഒഴിവുകൾക്കു പരിഗണിക്കും.
കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ ചേർന്ന ശരണ്യജില്ലാ കമ്മിറ്റി യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസർ ജി. സജയൻ, ഏറ്റുമാനൂർ ഗവ. ഐ.ടി.ഐ. പ്രിൻസിപ്പൽ കെ. സന്തോഷ്‌കുമാർ , അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു, ജില്ലാ വ്യവസായകേന്ദ്രം പ്രതിനിധി എം. അരുൺരാജ്, കുടുംബശ്രീ പ്രതിനിധി ജിത എ. നായർ എന്നിവർ പങ്കെടുത്തു.  

(കെ.ഐ.ഒ.പി.ആർ. 1789/2024)

ദർഘാസ്
കോട്ടയം: പട്ടികവർഗവികസനവകുപ്പിനു കീഴിലെ ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ക്ലാസ്മുറികളും ഹൈസ്‌കൂൾ വിഭാഗത്തിലെ രണ്ട് ക്ലാസ്മുറികളും സ്മാർട്ട് ക്ലാസ്മുറി ആക്കാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് മൂന്നിനകം പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില കാഞ്ഞിരപ്പള്ളി, 686507 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 04828-202751
(കെ.ഐ.ഒ.പി.ആർ. 1790/2024)

പാചകവാതകഅദാലത്ത്: പരാതി നൽകാം
കോട്ടയം: ജില്ലയിലെ ഗാർഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി ഓഗസ്റ്റ് 29ന് ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ബീന പി.ആനന്ദ് അധ്യക്ഷതയിൽ പാചകവാതക അദാലത്ത് നടക്കും. പാചകവാതക കമ്പനി പ്രതിനിധികൾ, ഏജൻസികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പരാതികൾ ഓഗസ്റ്റ് 27ന് വൈകിട്ട് അഞ്ചിനകം അതത് താലൂക്ക് സപ്ലൈ ഓഫീസിലോ അദാലത്തിൽ നേരിട്ടോ നൽകാം.
(കെ.ഐ.ഒ.പി.ആർ. 1791/2024)

ദർഘാസ് ക്ഷണിച്ചു
കോട്ടയം: വാഴൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ  വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ ഒൻപതിന് ഉച്ചയ്ക്ക് 12.30 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും.
(കെ.ഐ.ഒ.പി.ആർ. 1792/2024)

ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി  വിഭാഗത്തിലേക്ക് ഫ്ളൂയിഡ് വാമിംഗ് ക്യാബിനറ്റ് വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് 12നകം പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0481-2597279, 2597284.
(കെ.ഐ.ഒ.പി.ആർ. 1793/2024)

തപാൽ വാഹനം: ഇ-ടെൻഡർ ക്ഷണിച്ചു
കോട്ടയം: തപാൽ ഉരുപ്പടികളുടെ വിതരണത്തിന്  അഞ്ചു വർഷത്തിലധികം പഴക്കമില്ലാത്ത നാലു ചക്രവാഹനങ്ങൾ രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എടുക്കുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ചങ്ങനാശേരി സോർട്ടിംഗ്-ചിങ്ങവനം-വാഴപ്പള്ളി വെസ്റ്റ് ലോക്കൽ എം.എം.എസ്  റൂട്ടിലാണ് സർവീസ് നടത്തുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.ഓഗസ്റ്റ് 29 ന് രാവിലെ 10 നകം  https://gem.gov.in   മുഖേന ടെൻഡർ നൽകണം. വിശദവിവരത്തിന് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ചങ്ങനാശ്ശേരി ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 2424444.
(കെ.ഐ.ഒ.പി.ആർ. 1794/2024)

സി-ഡിറ്റിൽ മാധ്യമ കോഴ്‌സ്
കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരം ആസ്ഥാനത്തു നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ [ഡി.ഡി.എം.പി] കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു. ആറു മാസമാണ് കോഴ്‌സ് ദൈർഘ്യം. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിലുള്ളവർക്ക് കേരള നോളഡ്ജ് ഇക്കോണമി മിഷന് കീഴിൽ വരുന്ന കെ-ഡിസ്‌ക്  പ്രോജക്ടിൽ ഉൾപ്പെടുത്തി സ്‌കോളർഷിപ് ലഭിക്കും. അവസാന തീയതി  ഓഗസ്റ്റ് 25. ഫോൺ: +91-8547720167 വെബ്സൈറ്റ് : https://mediastudies.cdit.org/

വനിതാ കമ്മിഷൻ
അദാലത്ത് സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. 65 പരാതികൾ അദാലത്തിൽ പരിഗണിച്ചു. നാലു പരാതികൾ തീർപ്പാക്കി. ഒരു പരാതിയിൽ കൗൺസിലിങ് നിർദ്ദേശിച്ചു. 60 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. അഡ്വ. സി.കെ സുരേന്ദ്രൻ, അഡ്വ. സി.എ ജോസ്,അഡ്വ.ഷൈനി ഗോപി എന്നിവർ അദാലത്തിൽ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ: വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന അദാലത്ത്.
(കെ.ഐ.ഒ.പി.ആർ. 1797/2024)

ഇമേജിംഗ് ടെക്‌നോളജി കമ്പനിയിൽ അപ്രന്റീസാകാം

കോട്ടയം: പ്രമുഖ ഇമേജിംഗ് ടെക്‌നോളജി സ്ഥാപനത്തിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിനായി മഹാത്മാ ഗാന്ധി സർവകലാശാലാ എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ- കോട്ടയം മോഡൽ കരിയർ സെന്ററിന്റെ സഹകരണത്തോടെ  അഭിമുഖം നടത്തുന്നു. കൊച്ചിയിൽ 18000 രൂപ സ്‌റ്റൈപ്പെന്റോടെ ജോലി ചെയ്യാൻ സന്നദ്ധരായ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ ഏതെങ്കിലും ബ്രാഞ്ചിൽ ബിടെക്കോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. 2021ലോ അതിനു ശേഷമോ വിജയിച്ചവർക്കാണ് അവസരം.  t.ly/etiQO  ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: 0481-2731025, 8075164727

ഐ.ടി.ഐ സീറ്റൊഴിവ്

കോട്ടയം: ചെങ്ങന്നൂർ സർക്കാർ വനിത ഐ.ടി.ഐയിലെ എൻ.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്‌ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സ്‌റ്റെനോഗ്രാഫർ ആൻഡ്് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഓഗസ്റ്റ് 27 ന് മുൻപായി ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫീസ് 100/- രൂപ. ഫോൺ: 0479-2457496
(കെ.ഐ.ഒ.പി.ആർ. 1797/2024)
ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ  കാന്റീൻ രണ്ടുവർഷത്തേക്ക് ഏറ്റെടുത്തു നടത്താൻ മുൻപരിചയമുള്ള വ്യക്തികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ,പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം,കോട്ടയം-686001 എന്ന വിലാസത്തിൽ  സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് തുറക്കും. ഫോൺ 0481-2563254
(കെ.ഐ.ഒ.പി.ആർ. 1798/2024)

താൽക്കാലിക നിയമനം

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ  എൻജിനീയറിങ്ങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന് തസ്തികയിൽ ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഓഗസ്റ്റ് 27 നു രാവിലെ 10 മണിക്ക് ഇലക്ട്രോണിക്സ് ആൻഡ്  കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.rit.ac.in, ഫോൺ : 0481- 2506153, 0481 - 2507763
(കെ.ഐ.ഒ.പി.ആർ. 1799/2024)

ആരോഗ്യകേരളത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് ഒഴിവ്


കോട്ടയം: ദേശീയ ആരോഗ്യ ദൗത്യം(ആരോഗ്യ കേരളം) കോട്ടയം ജില്ലയുടെ കീഴിൽ രണ്ട് ട്രാൻസ്‌ജെൻഡർ ലിങ്ക് വർക്കർമാരെ പാർട്ട് ടൈം ആയി നിയമിക്കുന്നതിനായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന / കേന്ദ്ര ഗവണ്മെന്റുകൾ അനുവദിച്ചിട്ടുള്ള ട്രാൻസ്ജൻഡർ ഐഡന്റിറ്റി കാർഡുള്ളവരും ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരുമായിരിക്കണം. പ്രായ പരിധി : 18-40. പേക്ഷകർ പത്താം ക്ലാസ്സ് തുല്യത പരീക്ഷ പാസായിരിക്കണം. സാമൂഹ്യ സേവന മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായവർ ദേശീയ ആരോഗ്യദൗത്യം കോട്ടയം ജില്ല ഓഫീസിൽ ഓഗസ്റ്റ് 21 ന് വൈകിട്ട് അഞ്ചിനകം നേരിട്ട് അപേക്ഷകൾ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് എൻ.എച്ച്.എം കോട്ടയം ജില്ലാ ഓഫിസിൽ ബന്ധപ്പെടുക. ഫോൺ 0481-2304844
(കെ.ഐ.ഒ.പി.ആർ. 1800/2024)

ഉദ്യമ 1.0 പ്രീ-കോൺക്ലേവ് സംസ്ഥാനതല ഉദ്ഘാടനം

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇൻഡസ്ട്രി അക്കാദമി ഗവൺമെന്റ് കോൺക്ലേവ് ഉദ്യമ 1.0 പ്രീ-കോൺക്ലേവ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച ( ഓഗസ്റ്റ് 21) രാവിലെ 9.00 മണിക്ക് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി നിർവഹിക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
ഡോ. മുരളി തുമ്മാരുകുടി, ക്യാപ്റ്റൻ ബാബു ജോസഫ് എന്നിവർ സെമിനാറുകൾ നയിക്കും. (കെ.ഐ.ഒ.പി.ആർ. 1801/2024)  

കടുത്തുരുത്തി ജനകീയ സദസ്


കോട്ടയം:  മോട്ടോർ വാഹനവകുപ്പ് ഉഴവൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിനു കീഴിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഓഗസ്റ്റ് 23ന് രാവിലെ 10.30 ന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ജനകീയ സദസ് നടത്തും. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. കടുത്തുരുത്തി നിയമസഭാമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് പോലീസ് അധികൃതർ പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) ഉദ്യോഗസ്ഥർ, പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ, വ്യവസായ സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും. നിലവിൽ ബസ് സർവീസ് ഇല്ലാത്തതും തീരെ കുറഞ്ഞതുമായ റൂട്ടുകൾ സംബന്ധിച്ച നിർദേശങ്ങൾ പ്രസ്തുത യോഗത്തിൽ സ്വീകരിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.