സർക്കാരിന് തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി, വെയിറ്റേജ് മാറ്റിയത് നിയമപരമല്ല

കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (കേരള എൻജിനിയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് എക്സാം) പരീക്ഷയുടെ ഫലം റദ്ദാക്കി ഹൈക്കോടതി. പ്രവേശന നടപടികൾ തുടങ്ങാനിരിക്കേയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് ഡി.കെ സിങ്ങിന്‍റേതാണ് ഉത്തരവ്.
എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
മാർക്ക് ഏകീകരണ സംവിധാനം പുനഃപരിശോധിക്കാൻ നിയമിച്ച നാലംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. നിലവിൽ ഹയർസെക്കൻഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് വിഷയങ്ങളിലെ മാർക്കും കീമിന്റെ സ്കോറും ചേർത്തായിരുന്നു ഏകീകരണം. കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളെക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ഏകീകരണ ഫോർമുല പരിഷ്‌കരിക്കാൻ തീരുമാനിച്ചത്.
പ്ലസ്ടു മാർക്കും പ്രവേശന പരീക്ഷയുടെ മാർക്കും ചേർത്ത് 600 മാർക്കിലാണ് പോയിന്റ് നില നിശ്ചയിക്കുക. പുതിയ വ്യവസ്ഥ പ്രൊസ്പെക്ടസിൽ ഉൾപ്പെടുത്താൻ പ്രവേശന പരീക്ഷ കമീഷണറേറ്റിന് നിർദേശം നൽകി. പുതിയ മാർക്ക് ഏകീകരണത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്ത്‌സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്/ബയോടെക്നോളജി) എന്നിവയുടെ മാർക്ക്‌തന്നെ പരിഗണിക്കുന്നത്. ഈ വിഷയങ്ങളിൽ ഓരോ പരീക്ഷാ ബോർഡിലെയും ഉയർന്ന മാർക്ക് ശേഖരിച്ച് 100 മാർക്കായി പരിഗണിക്കും.
അതായത് ഒരു ബോർഡിലെ ഉയർന്ന മാർക്ക് 95 ആണെങ്കിൽ വിദ്യാർഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ചാൽ അതിനെ നൂറായി കൺവേർട്ട് ചെയ്യും. ഇതുവഴി 70 മാർക്ക് 73.68 ആകും. ((70/95)x100=73.68). എൻജിനീയറിങ് റാങ്ക് പട്ടികയ്‌ക്ക് പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഇങ്ങനെ ഏകീകരിക്കും. ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലാണ് റാങ്ക് പട്ടികയിൽ പരിഗണിക്കുക. മുൻ വർഷങ്ങളിൽ പ്ലസ് ടു പരീക്ഷ പാസായവരുടെ മാർക്കും ഇതേരീതിയിൽ അതത് വർഷത്തിന് അനുസരിച്ച് ഏകീകരിക്കും. കീമിൽ വിദ്യാർഥി നേടുന്ന മാർക്കിനെയും 300 ആക്കും. ഇത് രണ്ടും ചേർത്ത് 6–00 ഇൻഡക്സ് മാർക്കിലാണ് സ്കോർ നിശ്ചയിക്കുക.