കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനിക പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും; നിർമാണം പൂർത്തിയായി

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമാണം.
പുതിയ പോസ്റ്റ്മോർട്ടം മുറിയിൽ ഒരു ആധുനിക പോസ്റ്റ്മോർട്ടം ടേബിളും ഒരു മാനുവൽ ടേബിളും ഉണ്ട്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴുലക്ഷം രൂപ ചെലവിട്ടാണ് ഇവ സജ്ജീകരിച്ചത്. മോർച്ചറിയിൽ എട്ടു മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. പഴയ മോർച്ചറിയിൽ നാലുമൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമായിരുന്നു ഉണ്ടായിരുന്നത്.
വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ശീതീകരണ സംവിധാനവും ഒരുക്കി. ഇൻക്വസ്റ്റ് മുറി, ആംബുലൻസ് ഷെഡ്, പോലീസ് ഉദ്യോഗസ്ഥർക്കായുള്ള മുറി, മലിനജലം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സംവിധാനം എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഫോട്ടോ ക്യാപ്ഷൻ :
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിർമാണം പൂർത്തിയായ പോസ്റ്റ്മോർട്ടം മുറിയും മോർച്ചറി കെട്ടിടവും